ബോളിവുഡ് ഹോട്ടസ്റ്റ് മല്ലികാ ഷെരാവത്തിന് ഇത് പുതിയൊരു വേഷപകര്‍ച്ച. സലിം രാജകുമാരന്റെ പ്രേമഭാജനമായ അനാര്‍ക്കലിയുടെ വേഷത്തില്‍ മല്ലികയെത്തുന്നു. പുതിയ വേഷം കിട്ടിയതോടെ നടി ആളാകെ മാറി. ഇവരുടെ പുതിയ സമീപനം കാരണം സംവിധായകന് പോലും അവരുടെ ആരാധകനായി മാറിയെന്നാണ് ബോളിവുഡ് സംസാരം.
സഞ്ജയ് ഛെല്‍ സംവിധാനം ചെയ്യുന്ന ‘മാന്‍ ഗയേ മുഗള്‍-ഇ-അസം’ എന്ന ചിത്രത്തിലാണ് മല്ലിക പ്രണയത്തിന്റെ ഏടുകളില്‍ ഒരു കണ്ണീര് തുള്ളി അവശേഷിപ്പിച്ചു പോയ അനാര്‍ക്കലിയെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ അനാര്‍ക്കലിയായി അഭിനയിക്കുന്ന ഒരു നാടക നടിയായിട്ടാണ് ഈ ഹോട്ട് താരം രംഗത്ത് എത്തുന്നത്. രാഹുല്‍ ബോസാണ് നായക വേഷമിടുന്നത്.
പുതിയ വേഷത്തിനോട് അങ്ങേയറ്റം നീതി പുലര്‍ത്തണം എന്ന വാശിയിലാണത്രേ മല്ലിക. ഇതിനായി ഇവര്‍ തന്റെ സ്വാഭിക ശൈലികളില്‍ പോലും മാറ്റം വരുത്തിയെന്നാണ് ബോളിവുഡ് വാര്‍ത്തകള്‍.
പുതിയ സിനിമയില്‍ അഭിനയം തുടങ്ങിയ ശേഷം മല്ലിക സെറ്റില്‍ എത്തുമ്പോള്‍ ‘ഹലൊ’ എന്ന ഉപചാര വാക്കിനു പകരം ‘ ആദാബ്’ എന്നാണത്രേ അഭിസംബോധന ചെയ്യുന്നത്. പോരാത്തതിന് ഇടവേളകളില്‍ കഥക് നൃത്തത്തിന്റെ പൊടിപൂരവും മല്ലികയുടെ വകയായി ഉണ്ടാവും.
മല്ലിക ഒരു കുളിര് കാറ്റായി സെറ്റില്‍ ആകെമാനം വീശിയടിക്കുന്നത് സംവിധായകനും ഒരു ആശ്വാസമാണെന്നാണ് വാര്‍ത്തകള്‍. സംവിധായകന് പരിക്ഷീണനായി ഇരിക്കുമ്പോഴൊക്കെ മല്ലിക അനാര്‍ക്കലിയുടെ ഭാവാഭിനയത്തൊടെ അടുത്ത് എത്തും. ചിലപ്പോള്‍ കഥക്കിന്റെ ചില നമ്പറുകളും ഇടും. മല്ലികയുടെ ഇത്തരത്തിലുള്ള സമീപനം മനസ്സിന് അയവ് നല്കുന്നു എന്ന് സഞ്ജയ് ഛെലും സമ്മതിക്കുന്നു.
മുഗള്‍-ഇ-അസം എന്ന പഴയ ചിത്രത്തിലുള്ള ‘പ്യാര് കിയാ തോ ടര്ണാ ക്യാ’ എന്ന ഗാനവും മുഗള്‍-ഇ-അസമില്‍ ഉണ്ടത്രേ. ഈ ഗാന രംഗത്തും മല്ലികയാണ് എത്തുന്നത്. എന്നാല്‍, പാട്ടിന് തമാശയുടെ പരിവേഷം നല്കാന് ചില കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട് എന്ന് സംഗീത സംവിധായകന് അനുമാലിക് പറയുന്നു.