അടുത്ത റെയ്ഡില്‍ യുവതാരവും ഗ്ലാമര്‍ നടിയും!

WEBDUNIA|
സൂപ്പര്‍താരങ്ങളെ ‘ഗ്രില്‍’ ചെയ്തതിന് ശേഷം ആദായ വകുപ്പ് നോട്ടമിടുക വിവാഹവിവാ‍ദത്തില്‍ കുടുങ്ങിയ ഒരു യുവനടനെയും മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറി പണം കൊയ്ത ഗ്ലാമര്‍ നടിയെയും ആയിരിക്കുമെന്ന് സൂചന. ഈ യുവനടന് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക നായകനുമായി ബന്ധമുണ്ടെന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പ്രമുഖ സംവിധായകന്റെ രണ്ടാം ഭാര്യയാകാന്‍ കാത്തിരിക്കുന്ന ഗ്ലാമര്‍ നടി ഒരു ഉദ്ഘാടനച്ചടങ്ങിന് വാങ്ങുന്നത് പത്തും പതിനഞ്ചും ലക്ഷമാണെത്രെ.

മലയാള സിനിമയുടെ നെടും തൂണുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡുകള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ആരുടെയൊക്കെയോ പരാതി ലഭിച്ചതിനാലാണ് ആദായനികുതി വകുപ്പ് റെയ്ഡിന് ഇറങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഇരുവരെയും കഴിഞ്ഞ കുറേക്കാലമായി ആദായനികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും ‘ചിലതൊക്കെ’ ആദാ‍യനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

എന്തായാലും, കൊടുക്കേണ്ട നികുതി കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന പലരും ഇപ്പോള്‍ അങ്കലാപ്പിലാണ്. ചലച്ചിത്രലോകത്തിലെ സമ്പന്നര്‍ തന്നെയാണ് ഭയപ്പാടില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. ചെന്നൈയില്‍ താമസിക്കുന്ന ചില പ്രമുഖ അഭിനേതാക്കളും ആദായ നികുതി വകുപ്പിന്റെ ഹിറ്റ്‌ ലിസ്റ്റിലുണ്ട് എന്നാണ് സൂചന‌. അഭിനയത്തിന് പുറമെ മറ്റ്‌ ബിസിനസുകളില്‍ രഹസ്യമായി പണം മുടക്കുന്നവരെയാണ്‌ പ്രധാനമായും ആദായ നികുതി വകുപ്പ്‌ നോട്ടമിടുന്നത്‌.

ദിനം‌പ്രതി ഒന്ന് എന്ന രീതിയില്‍ വിവാദമുണ്ടാക്കുന്ന യുവനടന്‍ ഇപ്പോള്‍ ആധിയിലാണ്. നിര്‍മ്മാതാക്കളുടെ സംഘടന താരങ്ങളുടെ പ്രതിഫലം 25% കുറയ്ക്കണമെന്ന വ്യവസ്ഥ വച്ചിട്ടും പലവട്ടം തന്റെ പ്രതിഫലം കൂട്ടിയ ഈ യുവനടന്‍ ആഡംബര കാര്‍ വാങ്ങിയപ്പോള്‍ നികുതി വെട്ടിപ്പ്‌ നടത്തിയ ചരിത്രവുമുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :