അഞ്ചു വര്‍ഷങ്ങള്‍, ഒന്നാമന്‍ മമ്മൂട്ടി തന്നെ!

WEBDUNIA|
PRO
നൂറു ദിവസം ഓടുന്ന സിനിമകള്‍ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മലയാളത്തിലെ സിനിമാപ്രതിഭകളുടെ അഭിപ്രായത്തില്‍, ഇനിയുള്ള കാലം നൂറും നൂറ്റമ്പതും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവില്ലത്രെ. പരമാവധി അമ്പതു ദിവസങ്ങള്‍. അതുകൊണ്ടാണ് വൈഡ് റിലീസ് ഉണ്ടാകുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍.

എന്നാല്‍ നല്ല സിനിമകള്‍ വന്നാല്‍ അവ നൂറു ദിവസങ്ങള്‍ കടന്നും തിയേറ്ററുകളില്‍ തുടരുമെന്നതിന് തെളിവാണ് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്. ഈ സിനിമ റിലീസ് ചെയ്തിട്ട് 160 ദിവസം കഴിഞ്ഞു. ഇപ്പോഴും തൃശൂരിലെ രവികൃഷ്ണ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയാണ് പ്രാഞ്ചിയേട്ടന്‍.

ഏറ്റവും പ്രധാന സവിശേഷത, ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച സിനിമയാണ് പ്രാഞ്ചിയേട്ടന്‍ എന്നതാണ്. മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ മോഹന്‍ലാലിന്‍റെ ഒരു സിനിമ പോലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 150 ദിവസം കടന്നും പ്രദര്‍ശിപ്പിച്ചില്ല എന്നത് എടുത്തുപറയണം. 150 ദിവസം പ്രദര്‍ശിപ്പിച്ച ഹാപ്പി ഹസ്ബന്‍ഡ്സ് ആണ് പ്രാഞ്ചിയേട്ടന് തൊട്ടുപിന്നില്‍ ഉള്ളത്.

രണ്ടുകോടിയില്‍ താഴെ മാത്രം ചെലവ് ചെയ്ത് നിര്‍മ്മിച്ച പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരു സറ്റയര്‍ രീതിയിലാണ് സംവിധായകന്‍ രഞ്ജിത് ഈ ചിത്രം ആവിഷ്കരിച്ചത്. പ്രമേയത്തിന്‍റെ പ്രത്യേകതയും ലാളിത്യവുമാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കി മാറ്റിയത്.

ഗോഡ്ഫാദര്‍, ചിത്രം തുടങ്ങിയ സിനിമകളാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ചവ. ഒരു വര്‍ഷത്തിലധികമാണ് ഈ സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. അതേസമയം 1995ല്‍ റിലീസ് ചെയ്ത ദില്‍‌വാലേ ദുല്‍ഹാനിയാ ലേ ജായേംഗേ എന്ന ബോളിവുഡ് അത്ഭുതം ഇപ്പോഴും മുംബൈയിലെ മറാത്താ മന്ദിറില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :