Last Modified വെള്ളി, 5 ഡിസംബര്‍ 2014 (22:22 IST)
ജീവിക്കാന്‍ മറ്റൊരാളുടെ സഹായവും സംരക്ഷണവും ആവശ്യമാകുന്ന ഒരു അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് വിഖ്യാത സംവിധായകന് രാം ഗോപാല്‍ വര്‍മ. വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന ആര് ജി വി ഇത്തവണ മരണത്തെക്കുറിച്ചുള്ള തന്റെ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ ചിന്തകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ കഴിയാത്ത ഒരു ദിവസമെത്തിയാല്‍, മറ്റുള്ളവര്‍ തന്നെ മനസിലാക്കാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നാല്‍, താന്‍ ജീവിതം അവസാനിപ്പിക്കും എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞിരിക്കുന്നത്. അസുഖം മൂലം കിടപ്പിലാകുന്ന അവസ്ഥയെയും മറ്റൊരാളുടെ സുശ്രൂഷയില്‍ കഴിയേണ്ടിവരുന്നതിനെയും താന്‍ വെറുക്കുന്നു എന്നും ആര് ജി വി പറയുന്നു.
ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് രാം ഗോപാല്‍ വര്‍മ. താന്‍ മരിക്കാന്‍ പോകുകയാണെന്ന് തീരുമാനിക്കുന്ന ദിവസം ഏറെ ദൂരത്തുള്ള ഏതെങ്കിലുമിടത്തേക്ക് പോകുമെന്നും തന്റെ നിസഹായാവസ്ഥ ആരും കാണരുതെന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ഹിന്ദി സിനിമാലോകത്തുനിന്ന് അകന്നുനില്ക്കുന്ന രാം ഗോപാല്‍ വര്‍മ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ സജീവമായിരിക്കുകയാണ്. അധോലോകത്തിന്റെ കഥ പറയുന്ന 'സ്പോട്ട്' അദ്ദേഹത്തിന്റെ പുതിയ തെലുങ്ക് ചിത്രം.