Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (12:14 IST)
രാജ പറയുന്നത് ചെയ്യും, ചെയ്യുന്നത് മാത്രമേ പറയൂ - ഇത് മധുരരാജയിലെ പഞ്ച് ഡയലോഗാണ്. പക്ഷേ അത് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് റിലീസിന് മുമ്പ്
മധുരരാജ നടത്തിയിരിക്കുന്നത്. മുടക്കുമുതല്‍ റിലീസിന് മുമ്പുതന്നെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ മമ്മൂട്ടി എന്‍റര്‍ടെയ്‌നര്.
മധുരരാജയുടെ സാറ്റലൈറ്റ് റൈറ്റ് സീ നെറ്റുവര്‍ക്ക് 14 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് വന്‍ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രീ ബുക്കിംഗിലൂടെയും സാറ്റലൈറ്റ് റൈറ്റിലൂടെയും ഇതിനോടകം തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച മധുരരാജ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിന് മലയാള സിനിമയിലെ ഒരു നിര്‍മ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം ഈ ചിത്രം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സിനായി മത്സരരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്നത് അമസോണ്‍ പ്രൈം ആണ്.
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഒരു ആക്ഷന്‍ കോമഡി എന്‍ററ്ടെയ്നറാണ്. പീറ്റര്‍ ഹെയ്ന്‍ തയ്യാറാക്കിയ പത്തോളം സ്റ്റണ്ട് രംഗങ്ങളും സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്.
ജഗപതിബാബു, സിദ്ദിക്ക്, ജയ്, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയ വന്‍ താരനിരയാണ് മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ അണിനിരക്കുന്നത്.