Rijisha M.|
Last Modified ബുധന്‍, 9 ജനുവരി 2019 (11:57 IST)
സിനിമാ മേഖലയിൽ തന്റേതായ രീതിയിലുള്ള മികച്ച അഭിനയം കാഴ്‌ചവെച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ടോവിനോ തോമസ്. പ്രളയത്തിലകപ്പെട്ട കേരളത്തെ രക്ഷിക്കാൻ രക്ഷാപ്രവർത്തനത്തിന് സജീവമായി ഇറങ്ങിയതിനെ തുടർന്ന് ടോവിനോയുടെ ജനപ്രിയതയും വർദ്ധിച്ചു.
എന്നാൽ ഇപ്പോൾ സിനിമയിൽ എത്തിയ സമയത്തെ ഒരു സംഭവം പങ്കു വെക്കുകയാണ് ടോവിനോ തോമസ്. 'ഉദ്ഘാടനത്തിനു വേണ്ടി അളിയനൊപ്പം ഒരു പരിപാടിക്ക് പോകുന്ന സമയം. 2016–ലാണ്. കല്‍പന ചേച്ചി മരിച്ച് രണ്ടു ദിവസം കഴിഞ്ഞു. മണിചേട്ടനും ആ സമയത്താണ് നമ്മെ വിട്ടുപിരിയുന്നത്. പരിപാടിക്കിടെ എൺപത്തിയഞ്ച് വയസ്സുള്ള ഒരാൾ എന്റെ അടുത്ത് വന്നു. ‘മോന്‍ എന്തുചെയ്യുന്നുവെന്ന് എന്നോട് ചോദിച്ചു. സിനിമയിലാണെന്ന് ഞാൻ മറുപടി പറഞ്ഞു.
‘സിനിമയിൽ ആണെങ്കിൽ സൂക്ഷിക്കണം, സിനിമയിൽ ഉള്ളവരൊക്കെ മരിച്ചുകൊണ്ടിരിക്കുകയാണ്’, അയാൾ പെട്ടന്ന് എന്നോട് പറഞ്ഞു. ‘എന്റെ പൊന്നപ്പൂപ്പാ സിനിമയിൽ ഉള്ളവര്‍ മരിക്കുമ്പോൾ അത് പത്രത്തിന്റെ ആദ്യപേജിൽ വരും. നാലഞ്ച് പേജ് മറിച്ചാൽ ചരമക്കോളം ഉണ്ട്. അതിൽ അപ്പൂപ്പനെപോലെ കുറേപേർ ഉണ്ട്.’–ഞാൻ തിരിച്ചും പറഞ്ഞു.
സിനിമാക്കാരോടുള്ള ആളുകളുടെ മനോഭാവം ഇങ്ങനെയാണ്. സിനിമാക്കാരന്റെ ജീവിതത്തിൽ ദുരന്തം സംഭവിച്ചാൽപോലും അത് വാർത്തയാണ്. അല്ലാതെ അയാൾക്കങ്ങനെ പറ്റിപോയല്ലോ എന്ന് ആളുകൾ വിചാരിക്കുന്നില്ല' - ടോവിനോ തോമസ് പറയുന്നു.