തൃശൂർ|
jibin|
Last Updated:
ബുധന്‍, 11 ഏപ്രില്‍ 2018 (17:56 IST)
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി
സാജിദ് യഹിയ സംവിധാനം ചെയ്ത
മോഹൻലാൽ എന്ന ചിത്രത്തിന്റെ റിലീസിനു സ്റ്റേ. സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാറിന്റെ ഹർജിയിൽ തൃശൂർ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.
തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം ഒരുക്കിയതെന്ന് ചൂണ്ടിക്കാട്ടി രവികുമാർ നൽകിയ ഹർജിയിലാണു നടപടി. പകർപ്പാവകാശം നിയമം അനുസരിച്ചാണ് കലവൂർ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇതേ പരാതിയുമായി രവികുമാര്‍ ഫെഫകയെ സമീപിച്ചിരുന്നു.
“മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്” എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് സാജിദ് യഹിയ
ചിത്രം ഒരുക്കിയിരിക്കുന്നത്. താന്‍ 2005ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012ൽ രണ്ടാമത്തെ എഡിഷനും ഇറക്കിയെന്നും കലവൂർ വ്യക്തമാക്കി.
കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടർന്നാണു കലവൂർ കോടതിയെ സമീപിച്ചത്. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.
വിഷു റിലീസായിട്ടാണു മോഹൻലാൽ പുറത്തിറങ്ങാനിരുന്നത്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.