'ഒരിക്കൽ പോലും പൂരം കാണാതെ പൂരത്തെ കുറിച്ച് പറയാൻ നീ ആരാടീ’ എന്ന് ചോദിച്ചവർ ഇപ്പോൾ ശശിയായി! - റിമയെ തെറി വിളിച്ചവർക്ക് മറുപടിയുണ്ടോ?

ഇലഞ്ഞിത്തറമേളം അവിടെ നിന്ന് കേൾക്കുന്ന സുഖം വേറെ എവിടെ നിന്നാലും കിട്ടില്ല: തൃശൂർ പൂരത്തെ കുറിച്ച് റിമ പറഞ്ഞതിന്റെ പൂർണരൂപം

Last Modified വ്യാഴം, 16 മെയ് 2019 (15:43 IST)
തൃശൂർ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞതിന് നിരവധി പേർ നടി റിമ കല്ലിങ്കലിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ നടി മായ മേനോനും ഉണ്ടായിരുന്നു. ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മായ പറഞ്ഞു. പൂരത്തില്‍ പങ്കെടുപ്പിക്കാതെ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ലെന്നും ഒരിക്കലും പൂരത്തിന് പോയിട്ടില്ലെന്നാണ് റിമയുടെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നതെന്നും മായ കുറിപ്പില്‍ പറഞ്ഞിരുന്നു.

മായയ്ക്ക് പുറമേ നിരവധിയാളുകൾ റിമ ഒരിക്കൽ പോലും പൂരം നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, കാര്യം വ്യക്തമായി മനസിലാക്കാതെ, റിമ പറഞ്ഞതിന്റെ പൂർണരൂപം മനസിലാക്കാതെ തുടക്കത്തിലേ നടിക്കെതിരെ തിരിഞ്ഞവർക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഏഷ്യാവില്ലിലെ ടോക്ക് ടോക്കില്‍ രേഖാമേനോന് നല്‍കിയ അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട്. ഇതിൽ എന്തുകൊണ്ടാണ് പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് തനിക്ക് തോന്നുന്നത് എന്നതിന്റെ വ്യക്തമായ കാരണവും റിമ പറയുന്നുണ്ട്. റിമയുടെ വാക്കുകൾ:

‘പൂരം നേരിൽ കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വർഷവും പോകുമായിരുന്നു. എന്റെ അച്ഛൻ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. രാവിലത്തെ വെടിക്കെട്ട് ഗ്രൌണ്ടിൽ നിന്നിട്ട് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാരത്തിനു നടുവിൽ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്പോൾ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവൽ ആണെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. പൂരത്തിന് പോയിട്ട് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാൻ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേൾക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’. - റിമ പറഞ്ഞു.

‘തൃശൂർ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളിൽ ഫെസ്റ്റിവൽ‌സ് നടത്തുമ്പോൾ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോൾ ഇവിടെ ഒരു പ്രശ്നമുണ്ട്. തിരക്ക് കാരണം പേടിയാണ്. അമ്പലങ്ങൾ, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു? അല്ലാതെ ആണുങ്ങൾ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച് കൂടുക എന്നതാണല്ലോ ഉത്സവം. എന്നാൽ, അവിടെ അത് നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങൾ മാത്രമാണ്.’ - റിമ പറഞ്ഞവസാനിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :