ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ എല്ലാം മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോൻ

ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ എല്ലാം മനസ്സിലാക്കിയിരുന്നു; ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോൻ

Rijisha M.| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (10:27 IST)
തനിക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ആദ്യ വിവാഹമായിരുന്നെന്ന് നടി ശ്വേത മേനോൻ. അച്ഛൻ എന്റെ സ്വാതന്ത്ര്യത്തിന് വിലക്കു കൽപ്പിച്ചിരുന്നെങ്കിൽ ആദ്യ വിവാഹമെന്ന തെറ്റ് സംഭവിക്കുകയില്ലായിരുന്നു എന്നും നടി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മകൾ വീട്ടിലിരിക്കാനുള്ള ട്രോഫിയല്ലെന്നും അവൾക്ക് താൽപ്പര്യമുള്ളയിടത്തോളം കാലം അവൾക്ക് ജോലി ചെയ്യാമെന്നും അച്ഛൻ പറഞ്ഞിരുന്നു. അച്ഛൻ എന്നെ ആൺകുട്ടിയായിട്ടാണ് വളർത്തിയത്. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിങ്ങുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ആ സമയത്തായിരുന്നു
പ്രണയവും വിവാഹവും.

ആ വിവാഹത്തിൽ എന്തോ ഒരു തെറ്റുണ്ടെന്ന് എനിക്ക് മനസിലാകുന്നതിന് മുമ്പ് അച്ഛന് മനസിലായിരുന്നു. വിവാഹത്തിന്റെ അന്ന് അച്ഛന്‍ കുറേനേരം എന്നെ നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ‘പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..’ അച്ഛന്‍ തലചെരിച്ച് എന്നെ നോക്കി, ‘നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്?’ എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം. എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ‘ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛൻ അവിടെ നിന്നതെന്ന്.

പിന്നീട് അമ്മയും പറഞ്ഞു, അന്ന് നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അച്ഛൻ ആ വിവാഹം തടഞ്ഞേനേ. പക്ഷേ അന്ന് ഞാൻ കരുതിയത് ആ വിവാഹം ശരിയായിരുന്നു എന്നാണ്. പിന്നീടാണ് മനസ്സിലായത് ഏറ്റവും വലിയ തെറ്റാണ് ബോബി ഭോൻസലെയുമായുള്ള എന്റെ ആദ്യ വിവാഹമെന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :