ഒരു ആവേശത്തിനു പറഞ്ഞതാ..! സുരേഷ് ഗോപിയെ നായകനാക്കിയുള്ള 'ലേലം 2' ഉപേക്ഷിക്കും

സിദ്ദീഖ്, മണിയന്‍പിള്ള രാജു, നന്ദിനി, സോമന്‍, എന്‍.എഫ്.വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, വിജയകുമാര്‍ എന്നിവരാണ് ലേലത്തിലെ മറ്റു അഭിനേതാക്കള്‍

രേണുക വേണു| Last Modified വെള്ളി, 19 ജൂലൈ 2024 (10:24 IST)

സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യ അഞ്ചില്‍ ഉറപ്പായും ഉണ്ടാകുന്നതാണ് ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത 'ലേലം' 1997 ലാണ് റിലീസ് ചെയ്തത്. ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യുമെന്ന് രഞ്ജി പണിക്കരുടെ മകനും സംവിധായകനുമായ നിതിന്‍ രഞ്ജി പണിക്കര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന 'ലേലം 2' യാഥാര്‍ഥ്യമാകില്ലെന്നാണ് ഇപ്പോള്‍ നിതിന്‍ പറയുന്നത്. അച്ഛന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണമെന്ന വലിയ ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും അങ്ങനെയാണ് ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ തീരുമാനിച്ചതെന്നും നിതിന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ ആ പ്രൊജക്ട് ഡ്രോപ്പ് ചെയ്യേണ്ടിവരുമെന്നും നിതിന്‍ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' അച്ഛന്റെ തിരക്കഥയില്‍ ഒരു പടം ചെയ്യണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇത് ഞാന്‍ അച്ഛനോട് പറയുകയും ചെയ്തു. ആ സമയത്ത് പുള്ളി എന്നോട് ലേലത്തിന്റെ സീക്വല്‍ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. എന്നോട് വേണമെങ്കില്‍ അത് ഡയറക്ട് ചെയ്യാനും പറഞ്ഞിരുന്നു. അച്ഛന്‍ എഴുതിയ തിരക്കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവ പത്രവും ലേലവുമാണ്. അപ്പോഴത്തെ ആവേശത്തില്‍ ലേലം 2 ചെയ്യുമെന്ന് ഉറപ്പിച്ചു,' നിതിന്‍ പറഞ്ഞു.

'പക്ഷേ, ജോഷി സാര്‍ ചെയ്തുവെച്ച ലെവലില്‍ ആ സിനിമ ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല. അതെനിക്ക് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. എന്നെക്കൊണ്ട് പറ്റുന്ന തരത്തില്‍ ഞാനത് മികച്ചതാക്കും. പക്ഷേ അന്ന് അനൗണ്‍സ് ചെയ്തതിന് ശേഷം എനിക്കും അച്ഛനും കണ്ട് സംസാരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുറെ സിനിമയില്‍ അഭിനയിക്കാനുള്ളതിന്റെ തിരക്ക് കാരണമാണ് അച്ഛനെ കിട്ടാത്തത്. മിക്കവാറും ആ പ്രൊജക്ട് ഡ്രോപ്പ് ചെയ്യേണ്ടി വരും.' നിതിന്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ദീഖ്, മണിയന്‍പിള്ള രാജു, നന്ദിനി, സോമന്‍, എന്‍.എഫ്.വര്‍ഗീസ്, സ്ഫടികം ജോര്‍ജ്, വിജയകുമാര്‍ എന്നിവരാണ് ലേലത്തിലെ മറ്റു അഭിനേതാക്കള്‍. സെവന്‍ ആര്‍ട്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :