നിഹാരിക കെ എസ്|
Last Modified ചൊവ്വ, 15 ഒക്ടോബര് 2024 (09:28 IST)
കരിയറിന്റെ തുടക്കത്തിൽ തന്നെ ദേശീയ അവാർഡ് സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി. എന്നാൽ, പിന്നീട് വേണ്ടത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചില്ല. കരിയറിൽ നിരാശയുണ്ടാക്കിയ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ആദ്യ തെലുങ്ക് ചിത്രത്തിൽനിന്നു എൻറെ റോൾ വെട്ടിക്കുറച്ചു. പുതുമുഖ സംവിധായകനായിരുന്നു സിനിമ ചെയ്തത്. സഹനായികയായാണ് ആ ചിത്രത്തിൽ ഞാനെത്തുന്നത്. എൻറെ ഭൂരിഭാഗം ഷോട്ടുകളും എടുത്തു. വിദേശത്തുനിന്നു ഹൈദരാബാദിലെത്തുന്ന പെൺകുട്ടിയാണ് കഥാപാത്രം.
ഒരു ദിവസം സംവിധായകൻ വന്ന് നിങ്ങളുടെ റോൾ വളരെ നന്നായിട്ടുണ്ട്, മെയിൻ ലീഡിനേക്കാൾ നന്നായി തോന്നുന്നു എന്നു പറഞ്ഞു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് സിനിമ റിലീസ് ചെയ്തു. തിയറ്ററിൽ പോയി കണ്ടപ്പോൾ ഞാൻ ഞെട്ടി. എന്താണിത്, ഇതൊന്നുമല്ലല്ലോ ഷൂട്ട് ചെയ്തതെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ഷൂട്ട് ചെയ്ത നൂറ് ശതമാനത്തിൽ 60 ശതമാനേയുള്ളൂ. കാര്യം തിരക്കിയപ്പോൾ ദൈർഘ്യം കൂടിയപ്പോൾ കട്ട് ചെയ്തതാണെന്നു പറഞ്ഞു.
അന്ന് അതേക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. ഇതേപോലെ മറ്റൊരു തെലുങ്ക് ചിത്രത്തിലും സംഭവിച്ചിട്ടുണ്ട്. എൻറെ ഗാനങ്ങളിലൊന്നു വളരെ പോപ്പുലറായി. ഇതോടെ സിനിമയിലുള്ള മറ്റൊരു നായികയ്ക്കു വേണ്ടി ഒരു ഗാനം കൂട്ടിച്ചേർത്തു. സംവിധായകരിൽ നിന്നും നടൻമാരിൽ നിന്നുമല്ല ഞാൻ ഇത്തരം പ്രശ്നങ്ങൾ നേരിട്ടത്. നടിമാരിൽ നിന്നാണ്. ഇതിനെതിരേ ശബ്ദിക്കാനുള്ള ഒരു സ്ഥാനത്തല്ലായിരുന്നു ഞാൻ.
ഈയടുത്തുപോലും എൻറെ സിനിമയിലെ ഒരു ഭാഗം ഒഴിവാക്കി. ദൈർഘ്യം എന്നാണു കാരണം പറഞ്ഞത്. അതു ശരിയായ കാരണമായി എനിക്കു തോന്നിയില്ല. സിനിമയിലെ പ്രധാന ഭാഗമാണു വെട്ടിമാറ്റിയത്. സംവിധായകന് ആ സീൻ വേണമായിരുന്നു. പക്ഷെ ചില ഫോഴ്സുകൾക്ക് ആ സീൻ വേണ്ടായിരുന്നു. അതു ശരിയായില്ലെന്നു ഞാൻ പറഞ്ഞു', പ്രിയാമണി വ്യക്തമാക്കി.