നിഹാരിക കെ.എസ്|
Last Modified വ്യാഴം, 9 ജനുവരി 2025 (20:36 IST)
തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.