BIJU|
Last Modified വെള്ളി, 22 ഡിസംബര്‍ 2017 (15:14 IST)
തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഹിറ്റുകള്‍ തന്നിട്ട് പിന്നീട് വിജയവഴിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. എന്നാല്‍ മറ്റുചിലര്‍ പതിറ്റാണ്ടുകളോളം തങ്ങളുടെ സക്സസ് നിലനിര്‍ത്തും. കെ ബാലചന്ദര്‍, ഷങ്കര്‍, ഭാരതിരാജ, മണിരത്നം, ജോഷി, ഐ വി ശശി തുടങ്ങിയവരൊക്കെ ഉദാഹരണം.
തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്‍റെ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ട സിനിമകള്‍ പോലും സാമ്പത്തികമായി നിര്‍മ്മാതാവിന് അധികം പരുക്കേല്‍പ്പിച്ചില്ല എന്ന് കാണാം.
ഷാഫിയുടെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ബെന്നി പി നായരമ്പലം ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നു. ഷാഫിയുടെ കഴിഞ്ഞ് ചിത്രം ഷെര്‍ലക് ഹോംസ് വേണ്ടത്ര വിജയമായിരുന്നില്ല. അതിനാല്‍ തന്നെ ഒരു വലിയ വിജയം ഷാഫിക്ക് ആവശ്യമുണ്ട്.
കുഞ്ചാക്കോ ബോബനിലൂടെ വിജയപാതയില്‍ തിരിച്ചെത്താനാണ് ഷാഫിയുടെ ശ്രമം. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ഇതിനുമുമ്പ് അഞ്ചു തവണ ഷാഫി സിനിമകള്‍ ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തൊമ്മനും മക്കളും, ലോലിപോപ്പ്, ചട്ടമ്പിനാട് എന്നിവയാണ് അവ.
ഇതില്‍ ലോലിപോപ്പ് മാത്രമാണ് പരാജയപ്പെട്ടത്. കല്യാണരാമനും മേരിക്കുണ്ടൊരു കുഞ്ഞാടും പോലെ ഒരു വമ്പന്‍ ഹിറ്റാണ് ഇത്തവണ ഷാഫി ആഗ്രഹിക്കുന്നത്. ആ രണ്ട് സിനിമകളിലും ദിലീപായിരുന്നു നായകന്‍. ഷാഫിക്ക് ദിലീപ് സമ്മാനിച്ച ആ വിജയം ചാക്കോച്ചന് ആവര്‍ത്തിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.