'12 വർഷം മുൻപ് പൊലീസ് സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട വാഹനങ്ങളിലേക്ക് നോക്കി നിൽക്കുന്ന ഒരു മനുഷ്യൻ'

തുടരും റിലീസിനോടനുബന്ധിച്ച് സുനിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നിഹാരിക കെ.എസ്|
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും ഇന്നലെ തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹൻലാലിന്റെ ​ഗംഭീര തിരിച്ചുവരവ് തന്നെയാണ് ചിത്രമെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്.

നടനായും സ്റ്റാറായും ഈ അടുത്തിടെ ഇതുപോലെ തിളങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. കെആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തുടരും റിലീസിനോടനുബന്ധിച്ച് സുനിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

തിരക്കഥാകൃത്തിന്റെ പോസ്റ്റ് ഇങ്ങനെ:

കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നിൽക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളിൽ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. പിന്നീടുള്ള യാത്രകളിൽ അയാളൊരു കഥയായി ഉള്ളിൽ പരിണമിച്ചു. ടാക്‌സി ഡ്രൈവറായി ജീവിതം കൊണ്ട അയാൾക്കൊരു പേരും വീണു, ഷൺമുഖം! ഒഴിവു നേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളിൽ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്.

അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹൻലാലിനോളം വലിപ്പം! ആദ്യം കഥ കേട്ടത് മൂന്ന് പേരായിരുന്നു; രഞ്ജിത്ത് രജപുത്ര, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ. തീർത്തും സാങ്കൽപികമായിരുന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഷൺമുഖത്തെ പക്ഷേ അവർക്ക് മൂന്ന് പേർക്കും നന്നായി അറിയാമായിരുന്നു. ജീവിതത്തിനും ലൊക്കേഷനുകൾക്കുമിടയിലുള്ള യാത്രകളിൽ പലയിടങ്ങളിൽ വെച്ച് അവർ ഷൺമുഖത്തെപ്പോലൊരു ഡ്രൈവറെ പലവട്ടം കണ്ടിട്ടുണ്ടായിരുന്നു! സിനിമ സംഭവിക്കാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എന്നാൽ, പല കാരണങ്ങളാൽ സിനിമ വൈകി.

അതിനിടയിൽ പലരും വന്നുപോയി, ഞാനും പല സാധ്യതകളിലേക്ക് നീങ്ങി. ഒടുവിൽ, രഞ്ജിത്തേട്ടൻ വഴിയുള്ള തരുണിന്റെ കടന്നുവരവ് വലിയ വഴിത്തിരവായി. എഴുത്തിലെ തരുണിന്റെ ഇടപെടൽ തിരക്കഥയ്ക്ക് വീറ് കൂട്ടി, ആ മികച്ച സംവിധായകനിലൂടെ പുതിയ കാലത്തിന്റെ സിനിമയായി. ചിത്രീകരണത്തിനിടെ, വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന കഥാ സന്ദർഭങ്ങൾ മോഹൻലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം മുന്നിലവതരിക്കപ്പെട്ട ചില നേരങ്ങളിൽ ഞാനും വികാരാധീനനായി..

ഈ യാത്രയിൽ പല കാലങ്ങളിലായി ഒപ്പം ചേർന്ന അനേകം മനുഷ്യരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും എന്ന സിനിമ. പ്രിയപ്പെട്ട ലാലേട്ടൻ, രഞ്ജിത്തേട്ടൻ, ആന്റണിച്ചേട്ടൻ, തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന ഗോഗുൽ ദാസ് ഇവരോടാരോടും നന്ദി പറയേണ്ടതില്ല.

സഹപ്രവർത്തകന്റെ റോളുപേക്ഷിച്ച് സഹോദരനായി കയറിവന്ന് ഉള്ളിലിടംപിടിച്ച തരുണിനോടെന്തിന് സ്‌നേഹപ്രകടനം. കറുത്ത അംബാസഡർ കാറിൽ ഷൺമുഖനോടൊപ്പമുള്ള ഞങ്ങളുടെയെല്ലാം യാത്രയാണിത്. തുടരും ഇന്ന് റിലീസാവുകയാണ്...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :