വിമർശനങ്ങൾക്കിടെ അവരെ അഭിനന്ദിക്കാൻ ഞാൻ മറന്നുപോയി: സനൽ കുമാർ

കീഴ്‌വഴക്കങ്ങൾ പൊളിച്ചെറിയാൻ ജൂറികളെ വിനായകൻ പ്രേരിപ്പിച്ചു: സനൽ കുമാർ

aparna shaji| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (11:38 IST)
സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിമർശിക്കുന്നതിനിടയിൽ പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിക്കാൻ മറന്നുപോയെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. മികച്ച ചിത്രത്തിനുള്ള അവാർഡിന് മാൻഹോൾ അർഹയല്ലെന്നും സംവിധായികയ്ക്കുള്ള അവാര്‍ഡ് നേടിയ വിധു വിന്‍സന്റ് ആദരവ് അര്‍ഹിക്കുന്നുവെന്നും സനൽ ആദ്യം വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായിരുന്നു. തുടർന്നാണ് അഭിനന്ദനവുമായി സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.

സനൽ കുമാറിന്റെ വാക്കുകളിലൂടെ:

സംസ്ഥാന അവാർഡിനെക്കുറിച്ചുള്ള വിമർശനപ്പോസ്റ്റുകൾക്കിടെ അവാർഡ് കിട്ടിയവരെ അഭിനന്ദിക്കാൻ മറന്നുപോയി എന്നത് ഇപ്പോഴാണ് ഓർക്കുന്നത്. സത്യത്തിൽ ചില അവാർഡുകളെ കുറിച്ച് കടുത്ത വിമർശനം നിലനിൽക്കുമ്പോഴും സന്തോഷം നൽകുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട്. താരപ്പകിട്ടിനു പിന്നാലെ ജൂറി പോയില്ല എന്നതാണ് അതിലൊന്ന്. അർഹമായ അംഗീകാരം പലർക്കും ലഭിച്ചു എന്നത് മറ്റൊന്ന്. വിധുവിൻസെന്റിന് ലഭിച്ച അംഗീകാരം കൂടുതൽ ആവേശത്തോടെ അടുത്ത സിനിമയിലേക്ക് കുതിക്കാൻ അവരെ പ്രാപ്തയാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

വിനായകന് ലഭിച്ച മികച്ച നടനുള്ള അവാർഡ് കീഴ്വഴക്കങ്ങളെ പൊളിച്ചെറിയാൻ ജൂറികളെ പ്രേരിപ്പിക്കട്ടെ. ശ്യാം പുഷ്കരൻ, സലിം കുമാർ, സാങ്കേതികരംഗത്തെ മിക്കവാറും അവാർഡുകൾ കരസ്ഥമാക്കിയ കാടുപൂക്കുന്ന നേരത്തിന്റെ സൃഷ്ടാക്കൾ, എം.ജെ.രാധാകൃഷ്ണൻ സർ, ഒറ്റയാൾപ്പാതയുടെ സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ അങ്ങനെ എല്ലാവരെയും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ജൂറിതീരുമാനത്തെക്കുറിച്ച് നേരത്തെ ഉന്നയിച്ച വിമർശനങ്ങൾ അപ്പോഴും നിലനിൽക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :