Rijisha M.|
Last Modified തിങ്കള്‍, 7 ജനുവരി 2019 (08:22 IST)
സജീവ് പിള്ളയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും. ചരിത്രകഥ പറയുന്ന സംവിധായകരുടെ മനസിൽ ഓടിയെത്തുന്ന മുഖം അന്നും ഇന്നും മമ്മൂട്ടിയുടെ തന്നെ.
ചിത്രത്തിൽ ആദ്യം മുതൽ തന്നെ ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. സംവിധായകൻ അറിയാതെ പല മാറ്റങ്ങളും അണിയറയിൽ നടന്നിരുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ധ്രുവൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് ആദ്യം മുതൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധ്രുവനെ ചിത്രത്തിൽ നിന്ന് പുറത്താക്കുകയുണ്ടായി. എന്നാൽ ഇതൊന്നും സംവിധായകന്റെ അറിവോടെ അല്ലെന്നാണ് മറ്റൊരു വസ്‌തുത.
അതിന് ശേഷം പുറത്തുവന്നത് സംവിധായകനെ ചിത്രത്തിൽ നിന്ന് മാറ്റി എന്നാണ്. എന്നാൽ ഇതിലെല്ലാം എത്രമാത്രം സത്യമുണ്ട്? സംവിധായകൻ മാമാങ്കത്തിൽ നിന്ന് ഇതുവരെയായി മാറിയിട്ടില്ല എന്നതാണ് വാസ്‌തവം. പത്ത്, പതിനെട്ട് വര്‍ഷമെടുത്ത് ഞാന്‍ തന്നെയുണ്ടാക്കിയ പ്രോജക്ടാണ് ഇതെന്നും. ബാക്കിയുള്ളവരെല്ലാം പിന്നീട് വന്നുചേര്‍ന്നതാണെന്നും സംവിധായകൻ തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്.
'ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി എന്ന തരത്തിലുള്ള പ്രചരണങ്ങളില്‍ വസ്‌തുതയില്ല. ഞാന്‍ തന്നെയാണ് 'മാമാങ്ക'ത്തിന്റെ സംവിധായകന്‍. ഞാന്‍ പതിനെട്ട് വര്‍ഷമെടുത്ത് ഉണ്ടാക്കിയ പ്രോജക്ടാണ് മാമാങ്കം. എനിക്ക് അതില്‍നിന്ന് മാറാന്‍ റ്റില്ല. എഴുത്തുകാരനും സംവിധായകനും ഞാന്‍ തന്നെയാണ്. ആദ്യത്തെ പ്രൊജക്‌ട് ആയതുകൊണ്ടുതന്നെ ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഒക്കെയുണ്ട്'- സംവിധായകൻ പറയുന്നു. അതേസമയം, ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് നമ്മുടെ പ്രതീക്ഷ എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്‌സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്‌സ് ചെയ്യുന്നത്.