aparna shaji|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (10:55 IST)
നിവിൻ പോളിയുടെ പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായ നടിയാണ് സായ് പല്ലവി. മലർ മിസ്സിനെ മലയാളികളും തമിഴ്സിനിമാ ലോകവും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിച്ചത് ദുൽഖർ സൽമാനൊപ്പം 'കലി'യിലായിരുന്നു. താരത്തിന്റെ അടുത്ത പടം ഏത് എന്ന ആകാംഷയിലാണ് ആരാധകർ.
എന്നാൽ സിനിമയിൽ അഭിനയിക്കാൻ സായി പറയുന്ന ചില നിബന്ധനകൾ കാരണം സംവിധായകരും നിർമാതാക്കളും പുലിവാല് പിടിച്ച അവസ്ഥയിലാണ്. സായി പല്ലവിയുടെ അടുത്ത പടം തമിഴിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്താനത്തിന്റെ നായികയായിട്ട് സായി എത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇക്കാര്യത്തിൽ ഔദ്യോഗികമായ തീരുമാനം ഉണ്ടായിട്ടില്ല. എന്നാൽ സിനിമയിൽ കരാർ ഒപ്പിടുന്നതിനു മുമ്പുള്ള നടിയുടെ ചില നിബന്ധനകളാണ് സംവിധായകരെ കുഴപ്പിച്ചിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളുള്ള രംഗങ്ങൾ ഒന്നും പാടില്ല, ദ്വയാർഥ പ്രയോഗമുള്ള ഡയലോഗുകളും ഒഴിവാക്കണം. ഒപ്പം ഷൂട്ടിങ്ങ് ഷെഡ്യൂൾ നേരത്തേ അറിയിച്ചിരിക്കണം. ഇതെല്ലാമാണ് സായിയുടെ നിബന്ധനകൾ. ഏതായാലും നിബന്ധനകൾ അംഗീകരിച്ചാൽ സായി തമിഴിൽ അരങ്ങേറ്റം കുറിക്കും.