Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (18:01 IST)
ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ചിത്രീകരിക്കുന്നവയാണ് മമ്മൂട്ടിച്ചിത്രങ്ങള്‍. കഥയില്‍ മുതല്‍ സാങ്കേതികപരമായ അവസാന കാര്യം വരെ അതിന്‍റെ പെര്‍ഫെക്‍ഷന്‍ ഉള്ള സിനിമകളായിരിക്കും മമ്മൂട്ടിയുടേത്. അതില്‍ സംവിധായകനെക്കാളും നിര്‍മ്മാതാവിനെക്കാളും നിര്‍ബന്ധം മമ്മൂട്ടിക്ക് തന്നെയായിരിക്കും.
ചില സിനിമകള്‍ ചില തിയേറ്ററുകളില്‍ കാണുമ്പോള്‍ അവയ്ക്ക് വേണ്ടത്ര സാങ്കേതികമികവുണ്ടാകില്ല. ശബ്ദത്തിലും വിഷ്വല്‍ ക്വാളിറ്റിയിലും വളരെ മോശം അനുഭവങ്ങള്‍ ചില തിയേറ്ററുകളില്‍ നിന്ന് ഉണ്ടാകാറുണ്ട്. അതും മമ്മൂട്ടിച്ചിത്രങ്ങള്‍ക്കാണ് തിയേറ്ററുകളില്‍ ഇത്തരം ദുര്യോഗം നേരിടുന്നതെങ്കില്‍ ആരാധകര്‍ക്ക് തീരെ സഹിക്കില്ല.
ഒരു പഴയ കാര്യം ഓര്‍ത്തുപോകുകയാണ്. അതിഗംഭീരമായ സാങ്കേതികത്തികവാണ് മമ്മൂട്ടിയുടെ
പഴശ്ശിരാജ എന്ന ചിത്രത്തിന് ഉണ്ടായിരുന്നത്. ആ സിനിമയുടെ ശബ്‌ദസംവിധാനം നിര്‍വഹിച്ചത് ഓസ്കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ആയിരുന്നു. ദൃശ്യമികവിലും ഏത് ഹോളിവുഡ് ചിത്രത്തോടും കിടപിടിക്കുംവിധം ഉജ്ജ്വലം. എന്നാല്‍ ഈ സിനിമ ചില തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പരിതാപകരമായ അനുഭവമായിരുന്നു എന്നാണ് അന്ന് റസൂല്‍ പൂക്കുട്ടി പോലും പറഞ്ഞത്. സാങ്കേതികവിദഗ്ധര്‍ മാസങ്ങള്‍ എടുത്ത് കഷ്ടപ്പെട്ട് തയ്യാറാക്കിയ ഇഫക്‍ടുകളൊന്നും പ്രേക്ഷകര്‍ക്ക് അതേ ക്വാളിറ്റിയോടെ ലഭിക്കുന്നതില്‍ ചില തിയേറ്ററുകള്‍ വീഴ്ച വരുത്തി.
മോശം ക്വാളിറ്റിയില്‍ പഴശ്ശിരാജ പ്രദര്‍ശിപ്പിച്ച പല തിയേറ്ററുകള്‍ക്ക് നേരെയും പ്രേക്ഷകരുടെ രോഷപ്രകടനമുണ്ടായി. ആലുവയില്‍ ഒരു തിയേറ്റര്‍ തകര്‍ക്കുകപോലുമുണ്ടായി. തിയേറ്റര്‍ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. ഒരു മമ്മൂട്ടിച്ചിത്രം ഇത്രയും മോശമായി പ്രദര്‍ശിപ്പിക്കുന്നതിനോടുള്ള പ്രതികരണമായിരുന്നു അത്.
എന്നാല്‍ ഇപ്പോഴും പല നല്ല സിനിമകളും മികച്ച പ്രദര്‍ശനാനുഭവമാക്കി മാറ്റാന്‍ തിയേറ്ററുകള്‍ക്ക് കഴിയുന്നില്ല. സമീപകാലത്ത് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയ പേരന്‍പിനും ഈ ദുര്‍ഗതിയുണ്ടായി. പ്രകൃതിയുടെ മാറ്റങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ച സിനിമയാണ് പേരന്‍പ്. എന്നാല്‍ പല തിയേറ്ററുകളിലും ആ ദൃശ്യാനുഭവം അതിന്‍റെ പൂര്‍ണതയില്‍ ലഭിക്കുകയുണ്ടായില്ല.