നിഹാരിക കെ.എസ്|
Last Modified ശനി, 30 ഓഗസ്റ്റ് 2025 (15:26 IST)
റിലീസിന് മുൻപ് തന്നെ വിവാദങ്ങളിലകപ്പെട്ട ചിത്രമാണ് പരം സുന്ദരി. ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ കേന്ദ്ര കഥാപാത്രമായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 29 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഓപ്പണിങ് ഡേയിൽ തന്നെ 7.37 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബറിലായിരിക്കും ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
പരം സച്ച്ദേവ് എന്ന കഥാപാത്രമായി സിദ്ധാർഥ് മൽഹോത്ര എത്തുമ്പോൾ സുന്ദരി എന്ന കഥാപാത്രമായാണ് ജാൻവി ചിത്രത്തിലെത്തുന്നത്. സുന്ദരി എന്ന കഥാപാത്രത്തിന്റെ പേരിൽ ജാൻവിയ്ക്ക് നേരെയും വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. മലയാളത്തിൽ നടൻ രൺജി പണിക്കറും ചിത്രത്തിലെത്തുന്നുണ്ട്. കൊച്ചിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
മഡോക്ക് ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. സഞ്ജയ് കപൂർ, ഇനായത്ത് വർമ, മൻജോത് സിങ്, സിദ്ധാർഥ ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ- ജിഗാർ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പർദേസിയാൻ എന്ന് തുടങ്ങുന്ന ഗാനവും ട്രെൻഡിങ് ആയി മാറിയിരുന്നു.