മറയാതെ... മായാതെ ഇന്നും ഒർമകളിൽ മോനിഷ

മോനിഷ - ഓർമകളിലെ മഞ്ഞൾപ്രസാദം

aparna shaji| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (10:57 IST)
മനസ്സുകളുടെ അഭിലാഷമെന്നാണ് എന്ന പേരിന്റ അർത്ഥം. പൂര്‍ത്തിയാക്കാത്ത അഭിലാഷങ്ങളോടെ നക്ഷത്രക്കണ്ണുകളുള്ള ശാലീനസുന്ദരി മോനിഷ പ്രേക്ഷകന്റെ കണ്ണും കരളും നനയിച്ച് കൊണ്ട് കടന്നുപോയിട്ട് 24 വർഷങ്ങൾ തികയുന്നു. കാറപകടത്തിലൂടെ മരണമെന്ന 'വില്ലൻ' മോനിഷയുടെ ജീവൻ കവർന്നെടുത്തപ്പോൾ അവർക്ക് പ്രായം 21. ഉയർച്ചിയിലേക്കുള്ള യാത്ര അവസാനിച്ചത് പെട്ടന്നായിരുന്നു. എന്നാൽ, വർഷങ്ങൾ ഇത്ര കടന്നുപോയിട്ടും മലയാളികൾക്ക് മോനിഷയെ മറക്കാൻ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

നഖക്ഷതമെന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയപ്പോൾ അവൾക്ക് പ്രായം പതിനാല്. ഉയർച്ചയിലേക്ക് കുതിക്കട്ടെ എന്ന് ഓരോ മലയാളികളും ആഗ്രഹിച്ചു. വസന്തത്തിന്റെ മോഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അപ്രതീക്ഷിതമായി ക്ലൈമാക്സിലേക്ക് യാത്ര തിരിച്ച മോനിഷയെ മലയാളികൾക്ക് എന്നും പ്രിയമായിരുന്നു. ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെണ്‍കുട്ടി ഇന്നും ജീവിയ്ക്കുന്നു മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി.

അമ്മയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ ജന്മമെടുത്ത പെണ്‍കുട്ടി. മോനിഷയുടെ അമ്മയുടെ വാക്കുകളാണിത്. മകളെ കലാകാരിയാക്കണമെന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എപ്പോഴും സന്തോഷവതിയായി ഇരിക്കാൻ ചിലർക്ക് മാത്രമേ കഴിയുകയുള്ളു. അങ്ങനെയൊരു പെൺകുട്ടിയായിരുന്നു മോനിഷ. ഡിസംബറിലെ മഞ്ഞുപെയ്യുന്ന തണുത്ത ആകാശത്ത് വിടർന്ന് നിൽക്കുന്ന ചന്ദ്രക്കലയ്ക്ക് അവളുടെ മുഖമാണ്.

1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിലൂടെ മലയാളികളുടെ നെഞ്ചിലേക്ക് കയറിയ മോനിഷയെ ആരും അവിടെ നിന്ന് ഇറക്കിവിട്ടില്ല. ആർക്കും അതിനു കഴിഞ്ഞിട്ടില്ല. ഇന്നും. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ദേശീയ പുരസ്കാരം നേടിയത് മോനിഷയാണ്. നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. എം ടി വാസുദേവൻ നായരാണ് മോനിഷയെ ക്യാമറയ്ക്ക് മുന്നിലേക്ക് നിർത്തിയത്.

എം ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്‍, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ ഏറെ മുന്നോട്ട് പോയി. ശോഭന, കാര്‍ത്തിക, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നിൽക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്‌കളങ്കമായ ചിരിയും അത്ഭുതം തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.

ഇതിനിടയില്‍ ‘നഖക്ഷത’ങ്ങളുടെ തമിഴ് റീമേക്കായ പൂക്കള്‍ വിടും ദൂത്. ആര്യന്റെ റീമേക്കായ ദ്രാവിഡന്‍, ഉന്നെ നിനച്ചേന്‍ പാട്ടു പടിച്ചേന്‍’ എന്ന ചിത്രങ്ങളിലും ഒന്നു രണ്ടു കന്നഡ തെലുങ്കു ചിത്രങ്ങളിലും മോനിഷ അഭിനയിച്ചു. അതിനുശേഷമാണ് പെരുന്തച്ചനിലെ കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ വേഷം മോനിഷയെ തേടിയെത്തുന്നത്. അതും മോനിഷയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഡിസംബറിലെ ദുഃഖമാണ് ശരിക്കും മോനിഷ. ഇന്നും ജീവിക്കുന്നു ഈ നടി നമ്മുടെ ഓരോരുത്തരുടെയും ഓർമയിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :