മോഹന്‍ലാലിന്‍റെ മറാത്തി സിനിമ അടിപൊളിയായിരുന്നു!

മോഹന്‍ലാല്‍, ദശരഥം, ലോഹിതദാസ്, സിബി മലയില്‍, Mohanlal, Dasharatham, Lohithadas, Siby Malayil
BIJU| Last Modified ബുധന്‍, 4 ഏപ്രില്‍ 2018 (20:19 IST)
ഇന്ന് മലയാള സിനിമകള്‍ക്ക് അതിരുകളില്ല. ഏത് ഭാഷയിലെ ആളുകളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ ഒടിയനും മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സുമെല്ലാം പല ഭാഷകളില്‍ പുറത്തിറങ്ങുന്നു. നിവിന്‍ പോളിയുടെ റിച്ചി ഒരേസമയം മലയാളത്തിലും തമിഴിലും എത്തി.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. മലയാളം സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ചില മലയാള സിനിമകള്‍ ഭാഷാഭേദമില്ലാതെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സി ബി ഐ ഡയറിക്കുറിപ്പും ഇന്‍സ്പെക്ടര്‍ ബല്‍‌റാമുമൊക്കെ ആ ഗണത്തില്‍ പെട്ട സിനിമകളാണ്.

മലയാളത്തില്‍ നിന്ന് മറാത്തി ഭാഷയിലേക്ക് ആദ്യം ഡബ്ബ് ചെയ്ത സിനിമയാണ് മോഹന്‍ലാല്‍ നായകനായ ‘ദശരഥം’. മലയാളത്തില്‍ വലിയ വിജയമൊന്നുമായില്ലെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ പിന്നീട് പല ഭാഷകളിലേക്കും പോയിട്ടുണ്ട്. മറാത്തിയില്‍ ‘മാസാ മുള്‍ഗ’ എന്നായിരുന്നു ചിത്രത്തിന് പേര്. മറാത്തിയില്‍ ഈ സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം 1989 ഒക്ടോബര്‍ 19നാണ് റിലീസായത്. കൃത്രിമ ഗര്‍ഭധാരണവും വാടക ഗര്‍ഭപാത്രവുമൊക്കെയായിരുന്നു ചിത്രത്തിന്‍റെ വിഷയം.

മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സാധ്യമായ ചിത്രമായിരുന്നു അത്. ആ സിനിമയുടെ ക്ലൈമാക്സിലെ മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് ഇന്നും വാഴ്ത്തപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :