'അഭിനയമാണ് നോക്കേണ്ടത്, പ്രായം ഒരു പ്രശ്‌നമല്ല'; യുവ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍

നിഹാരിക കെ.എസ്| Last Modified ബുധന്‍, 1 ജനുവരി 2025 (09:38 IST)
പ്രായമുള്ള നായകന് പ്രായം കുറഞ്ഞ നായിക. മലയാളം ഉള്‍പ്പടെയുള്ള എല്ലാ സിനിമകളിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ചെറുപ്പത്തിൽ മകളായി അഭിനയിച്ചവർ വരെ വലുതാകുമ്പോൾ അതേ നായകന്റെ കാമുകിയെയും ഭാര്യയായും അഭിനയിക്കുന്ന കാഴ്ച സിനിമയിൽ സ്ഥിരമാണ്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ.

ആരോഗ്യവും ആത്മവിശ്വാസവുമാണ് നടന്‍റെ സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കേണ്ടത് എന്നാണ് താരം പറഞ്ഞത്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. ഞങ്ങളുടെ സിനിമ മേഖല അങ്ങനെയാണ്. തമിഴിലും തെലുങ്കിലുമൊക്കെ ഇങ്ങനെയാണ്. പക്ഷേ നിങ്ങള്‍ ആരോഗ്യവാനും 100 വയസിലും അഭിനയിക്കാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും പ്രശ്‌നമില്ല. നിങ്ങളാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. നിങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ കഥാപാത്രം നിങ്ങള്‍ക്ക് പറ്റില്ല. നിങ്ങളത് വേണ്ടെന്ന് വയ്ക്കണം. പക്ഷേ ആളുകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം. അത് അഭിനയമല്ലേ. അതിന് പ്രായമായി ബന്ധമില്ല. കഥാപാത്രമാണ് നോക്കേണ്ടത്.- മോഹന്‍ലാല്‍ പറഞ്ഞു.

സംവിധാനത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരം ആദ്യമായി സംവിധാനം ചെയ്ത ബറോസ് ക്രിസ്മസ് റിലീസായാണ് തിയറ്ററില്‍ എത്തിയത്. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫാന്റസി ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അടുത്ത വര്‍ഷം മോഹന്‍ലാലിന്റേതായി നിരവധി സിനിമകളാണ് റിലീസ് ചെയ്യുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :