BIJU|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (19:58 IST)
മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശ്വസിച്ച് ഡേറ്റ് കൊടുക്കുന്ന അപൂര്‍വ്വം സംവിധായകരേയുള്ളൂ. ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍. ആ ഗണത്തിലാണ് രഞ്ജിത്തിന്‍റെ സ്ഥാനവും. രഞ്ജിത്ത് ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ എന്തെങ്കിലും സാഹചര്യമുണ്ടെങ്കില്‍ ആ സിനിമയുടെ ഭാഗമാകാനായിരിക്കും കൂടുതല്‍ താരങ്ങളും ശ്രമിക്കുക.
‘ബിലാത്തിക്കഥ’ എന്ന രഞ്ജിത് ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കുകയാണ്. നിരഞ്ജനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.
നേരത്തേ ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആണ് ആലോചിച്ചത്. മമ്മൂട്ടി 10 ദിവസത്തെ ഡേറ്റ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ അസൌകര്യം അറിയിച്ചപ്പോഴാണ് രഞ്ജിത് മോഹന്‍ലാലിനെ സമീപിക്കുന്നത്.
45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്കായി നല്‍കിയിരിക്കുന്നത്. അതായത് വെറും ഒരു അതിഥിവേഷമല്ല ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് സാരം. മേയ് 10 മുതല്‍ ജൂണ്‍ 25 വരെയാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.
സേതുവാണ് ബിലാത്തിക്കഥയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.