കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (11:46 IST)
ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ 1200 ഷോകളാണ് ഒരു ദിവസം തമിഴ്‌നാട്ടില്‍ മാത്രം ലഭിക്കുന്നത്.
തമിഴ് ബോക്‌സ് ഓഫീസില്‍ രജനികാന്തിന്റെ 'ലാല്‍ സലാം' കളക്ഷനെ ഉടന്‍തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും. തമിഴ്‌നാട്ടില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ അഞ്ചു കോടി രൂപ നേടിയെന്നും. മറ്റൊരു ചിത്രവും മുമ്പില്‍ ഇല്ലാത്തതിനാല്‍ രണ്ടാമത്തെ ആഴ്ചയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആകുമെന്നും പറയപ്പെടുന്നു. ഈയാഴ്ച തന്നെ 15 കോടി പിന്നിട്ട് രണ്ടാം വാരാന്ത്യത്തോടെ 20 കോടി നേടാനും സാധ്യതയുണ്ട്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത, 'ലാല്‍ സലാം' വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. രജനികാന്ത് അതിഥി വേഷത്തിലെത്തിയ സിനിമ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസില്‍ നിന്ന് 15.35 കോടിയിലധികം രൂപ നേടി. എന്തായാലും രജനികാന്ത് ചിത്രത്തിന്റെ തമിഴ്‌നാട്ടി കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും എന്നുതന്നെയാണ് നിര്‍മ്മാതാക്കളും പ്രതീക്ഷിക്കുന്നത്.