നിഹാരിക കെ.എസ്|
Last Updated:
വ്യാഴം, 13 മാര്‍ച്ച് 2025 (16:03 IST)
മഞ്ജു വാര്യരെ മലയാളികൾ കാണാൻ തുടങ്ങിയിട്ട് ഏകദേശം 30 വർഷത്തോളമാകുന്നു. അടുത്ത വീട്ടിലെ കുട്ടി ഇമേജ് അന്നും ഇന്നും മഞ്ജുവിന് ഉണ്ട്. വിവാഹത്തെ കഴിഞ്ഞാൽ സിനിമ വിടുന്നവരുടെ ലിസ്റ്റിൽ ആയിരുന്നു മഞ്ജുവും. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായി മഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവാഹമോചനത്തിന് പിന്നാലെ മഞ്ജു തിരികെ മലയാള സിനിമയിലെത്തി.
ദിലീപുമായുള്ള വിവാഹശേഷം മഞ്ജുവിനെ അങ്ങനെ അധികം കാണാറില്ലായിരുന്നു. ദിലീപിനൊപ്പം ഒരു പൊതുപരിപാടികളിലും മഞ്ജു വന്നിട്ടില്ല. എന്നാൽ, അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിന് മഞ്ജുവും വരാറുണ്ടായിരുന്നു. അക്കാലത്ത് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മുൻ ഭർത്താവ് ദിലീപ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യവും മഞ്ജു എന്ന് അഭിനയത്തിലേക്ക് തിരിച്ച് വരും എന്നതാണ്. അന്നൊന്നും ദിലീപ് അതിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല.
കുടുംബിനിയായിരുന്ന കാലത്ത് മഞ്ജു വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ എത്തിയിരുന്നത്. ഇപ്പോഴിതാ ദിലീപിന്റെ സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു വാര്യരുടെ പഴയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരാണ് തന്റെ ശേഖരത്തിലുള്ള മഞ്ജുവിന്റെ പഴയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 2005ൽ ജോഷി സാറിന്റെ സിനിമയുടെ പൂജ സമയത്ത് എടുത്ത മഞ്ജു വാര്യരുടെ കുറച്ച് ഫോട്ടോകൾ എന്നാണ് ജയപ്രകാശ് നൽകിയ ക്യാപ്ഷൻ.
ഏത് സിനിമയുടെ സെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലയൺ അല്ലെങ്കിൽ ജൂലൈ 4 ഇതിൽ ഏതെങ്കിലും ഒരു സിനിമയാകാനാണ് സാധ്യത എന്നാണ് ആരാധകരുടെ കമന്റുകൾ. യാതൊരു ആഢംബരങ്ങളുമില്ലാത്ത സാധാരണക്കാരി ആയിട്ടാണ് ചിത്രത്തിൽ മഞ്ജു ഉള്ളത്. സെറ്റ് സാരിയാണ് വേഷം. നീളൻ മുടി വിടർത്തിയിട്ട് നെറുകയിൽ നിറയെ സിന്ദൂരവും അണിഞ്ഞ് പൊട്ടിച്ചിരിച്ച് നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോയിലുള്ളത്.