അപർണ|
Last Modified വ്യാഴം, 22 നവംബര്‍ 2018 (14:13 IST)
പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയവരാണ് ഇരുവരും. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവ തന്നെയാണ്.
പ്രത്യക്ഷത്തിൽ
മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും അകൽച്ചയിൽ ആണെങ്കിലും അവർ തമ്മിലുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. വർഷങ്ങൾക്ക് മുൻപ് ഇരുവരും ലൊക്കേഷനിൽ വെച്ച് കവിതകളും കത്തുകളും അയച്ച് കളിക്കുമായിരുന്നുവെന്ന് പൊതുവെ ഒരു സംസാരമുണ്ട്. ഇതിനെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
‘ഏകദേശം ഒരേ സമയത്താണ് ഞങ്ങൾ രണ്ടാളും സിനിമയിലെത്തുന്നത്. വലിയ വ്യത്യാസമൊന്നുമില്ല. അഞ്ചോ ആറോ മാസത്തെ വ്യത്യാസം മാത്രം. ഞങ്ങൾ വലിയൊരു ഗ്യാങ്ങ് ആണ്. ഞാൻ, ലാൽ, ശ്രീനിവാസൻ, നെടുമുടി, രതീഷ് അങ്ങനെ കുറേ പേർ. അന്നത്തെ യുവതലമുറയായിരുന്നു ഞങ്ങൾ‘.
‘അന്നൊക്കെ പരസ്പരം കത്തുകൾ അയക്കുമായിരുന്നു. വാത്സല്യവും ദേവാസുരവും ഒരേ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. രണ്ട് സിനിമയിലും പ്രതിവർത്തിച്ചിരുന്നത് കൊച്ചിൻ ഹനീഫ ആയിരുന്നുവെന്ന് തോന്നുന്നു. വാത്സല്യത്തിന്റെ ഷൂട്ടിംഗിനിടെ ഞാൻ കവിതയോ കത്തോ ലാലിനെഴുതും. ഹനീഫ അത് ലാലിന് കൊടുക്കും. ലാൽ തിരിച്ചും എഴുതും. അങ്ങനെ ഒരു നാലഞ്ച് കത്തുകൾ ആ ലൊക്കേഷനിൽ നിന്നു തന്നെ എഴുതിയിട്ടുണ്ട്.‘
‘ലാൽ ഇപ്പോഴും കവിയതെഴുതും, എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കും. അമ്മയുടെ മീറ്റിംഗിനിടെ ലാലിന് ഇത് തന്നെയാണ് പണി’- എന്നായിരുന്നു സംഭവത്തെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.