ദളപതിയില്‍ രജനിക്കൊപ്പം തലയുയര്‍ത്തിപ്പിടിച്ചു, മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല: അന്യഭാഷാ സംവിധായകന്‍ പറയുന്നു

ആദ്യം റാം ഇപ്പോള്‍ മഹി, മമ്മൂട്ടിയെ വാനോളം പുകഴ്ത്തി അന്യഭാഷാ സംവിധായകര്‍

അപര്‍ണ| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (08:04 IST)
മമ്മൂട്ടി ഇന്ത്യയുടെ മഹാനടനാണ്. ഭാഷ ഏതായാലും തന്‍റെ അഭിനയമികവിനാല്‍ ഏവരെയും വിസ്മയിപ്പിക്കുന്ന പ്രതിഭ. ഇന്ത്യയിലെ എല്ലാ ഭാഷയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെ. മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പ് റിലീസിനൊരുങ്ങുകയാണ്.

മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പേരന്‍പിന്റെ സംവിധായകന്‍ റാം പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇതേ അഭിപ്രായം തന്നെയാണ് തെലുങ്ക് സംവിധായകന്‍ മഹി വി രാഘവിനും ഉള്ളത്. മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും വൈഎസ്ആറിന്റെ കഥാപാത്രത്തിനായി തന്റെ ആദ്യ ചോയിസ് മമ്മൂട്ടി തന്നെ ആയിരുന്നുവെന്നും മഹി പറയുന്നു.

സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ കണിശക്കാരനാണ് മമ്മൂട്ടിയെന്നാണ് മഹി പറയുന്നത്. ‘ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജുള്ള താരമാണ് മമ്മൂട്ടി. ദളപതിയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുമ്പോഴും മമ്മൂട്ടി തലഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് നിന്നിരുന്നത്. അംബേദ്കറെ അവതരിപ്പിച്ച് അദ്ദേഹം ദേശീയ പുരസ്‌കാരം പോലും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്‘ എന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപികില്‍ മമ്മൂട്ടിയാണ് വൈ എസ് ആര്‍ ആകുന്നത്. ചിത്രീകരണം ജൂണില്‍ ആരംഭിക്കുന്ന ചിത്രത്തിന് 50 കോടിയിലേറെയാണ് ബജറ്റെന്നാണ് സൂചന.

മഹി രാഘവ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ‘യാത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി.

എന്ന് ഈ പ്രൊജക്ടിന് പേരിടാന്‍ ഒരു കാരണമുണ്ട്. 2003ല്‍ വൈ എസ് ആര്‍ മൂന്ന് മാസത്തോളം നീണ്ട പദയാത്ര നടത്തിയിരുന്നു. ആ യാത്ര നടക്കുന്ന സമയത്തുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ‘യാത്ര’ എന്ന പേരില്‍ മമ്മൂട്ടി മലയാളത്തില്‍ മുമ്പൊരു ചെയ്തിട്ടുണ്ട്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ആ സിനിമ മലയാളത്തിന്‍റെ ക്ലാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :