അലക്സ് പരോളിനിറങ്ങിയാല്‍ ഡെറിക് എബ്രഹാം ചാര്‍ജെടു‌ക്കും!

ആദ്യം അലക്സ്, പിന്നാലെ ഡെറിക്! - ഈ വര്‍ഷവും മമ്മൂട്ടി കൊണ്ടുപോകും!

എസ് ഹര്‍ഷ| Last Modified ചൊവ്വ, 6 മാര്‍ച്ച് 2018 (14:37 IST)
ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന്‍ വീണ്ടും വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കാരണം മറ്റൊന്നുമല്ല, ഇത്തവണയും മമ്മൂട്ടി തന്നെ നായകന്‍.

ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ഇപ്പോഴിതാ, ആവേശമുണര്‍ത്തുന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ മെയ് 15ന് റിലീസ് ചെയ്യും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രമാണിത്. രണ്ടു പതിറ്റാണ്ടോളമായി സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്‍റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു.

മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്. ഷൂട്ടിംഗ് തീരുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരുന്നു. പരോളാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് മുന്‍പ് പുറത്തുവരുന്ന ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :