2 വര്‍ഷം കഴിഞ്ഞുവരാന്‍ മമ്മൂട്ടി പറഞ്ഞു, സംവിധായകന്‍ നേരെ മോഹന്‍ലാല്‍ ക്യാമ്പിലെത്തി!

Mammootty, Mohanlal, Jeethu Joseph, Dileep, Drishyam, Pulimurugan, മമ്മൂട്ടി, മോഹന്‍ലാല്‍, ജീത്തു ജോസഫ്, ദിലീപ്, ദൃശ്യം, പുലിമുരുകന്‍
BIJU| Last Modified ബുധന്‍, 24 ജനുവരി 2018 (14:48 IST)
മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ തിരക്കഥകള്‍. എല്ലാ നല്ല തിരക്കഥകളിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും. ചില നല്ല തിരക്കഥകള്‍ അത് നല്ലതാണെന്നറിഞ്ഞുകൊണ്ടുതന്നെ വേണ്ടെന്നുവയ്ക്കുകയും ചെയ്യും. എന്നാല്‍ വേണ്ടെന്നുവച്ച നല്ല തിരക്കഥകള്‍ പിന്നീട് ആരുചെയ്താലും, ആ സിനിമയ്ക്കൊപ്പം നില്‍ക്കുന്നതാണ് മമ്മൂട്ടിയുടെ രീതി.

ഇപ്പോള്‍ ‘ദൃശ്യം’ എന്ന മെഗാഹിറ്റിന്‍റെ കാര്യം തന്നെയെടുക്കാം. ആ കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ കഥ ഇഷ്ടമായെങ്കിലും, രണ്ടുവര്‍ഷം കഴിഞ്ഞ് ചെയ്യാമെന്നാണ് മമ്മൂട്ടി ജീത്തുവിനോട് പറഞ്ഞത്. അതിന് കാത്തുനില്‍ക്കാതെ ജീത്തു കഥയുമായി മോഹന്‍ലാല്‍ ക്യാമ്പിലെത്തി. കഥ ഇഷ്ടമായ മോഹന്‍ലാല്‍ ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയും ‘ദൃശ്യം’ സംഭവിക്കുകയും ചെയ്തു.

എന്നാല്‍ ദൃശ്യത്തിന്‍റെ വിജയത്തില്‍ മമ്മൂട്ടിക്കും പങ്കുണ്ട് എന്നതാണ് സത്യം. മമ്മൂട്ടി പ്രത്യക്ഷത്തില്‍ ആ സിനിമയിലില്ലെങ്കിലും, ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ നഷ്ടമല്ല ദൃശ്യം. ആ സിനിമ മെഗാഹിറ്റാകുമെന്ന് മമ്മൂട്ടിക്ക് നേരത്തേ അറിയാമായിരുന്നു. ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ ജീത്തു ജോസഫ് തന്നെ ഇത് വ്യക്തമാക്കിയിരുന്നു.

“മമ്മൂട്ടി ദൃശ്യം നിരസിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നിട്ട് എനിക്ക് നല്‍കിയ മറുപടി, ഇതിനകം തന്നെ താന്‍ കുറച്ച് കുടുംബചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. എന്നെ വച്ച് ഈ ചിത്രം ചെയ്യണമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലുമെടുക്കും. ഇത് ഒരു ഷുവര്‍ ഹിറ്റായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. അതിനുശേഷമാണ് ഞാന്‍ ആന്‍റണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ലാലേട്ടന്‍ ദൃശ്യത്തിന്‍റെ ഭാഗമാകുന്നത്. എന്നാല്‍ ദൃശ്യത്തിലേക്ക് മീനയെയാണ് ഞാന്‍ പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയാണ് അത് നല്ലതാണെന്ന് പറഞ്ഞതും, മീനയോട് സംസാരിച്ച് ദൃശ്യത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞതും. ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ഷാജോണ്‍ ചെയ്താല്‍ നന്നാകുമെന്നും മമ്മൂക്ക അഭിപ്രായപ്പെട്ടിരുന്നു. ദൃശ്യത്തിന്‍റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിട്ടില്ല” - ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :