Last Modified വെള്ളി, 8 ഫെബ്രുവരി 2019 (11:45 IST)
വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂക്ക തെലുങ്കിൽ തിളങ്ങിയ 'യാത്ര' ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂക്ക തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. എന്നാൽ യാത്രയേക്കുറിച്ച് മമ്മൂട്ടിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.
ഇതിന് മുമ്പും തെലുങ്കിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും തിരക്കഥ ഇഷ്‌ടപ്പെടാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് മമ്മൂക്ക പറയുന്നു. 'യാത്ര'യിൽ താൻ വൈ എസ് ആറിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കാഴ്ചയില്‍ അദ്ദേഹത്തെപ്പോലെ തോന്നിപ്പിക്കാനോ, അത് പോലെ നടക്കാനോ, സംസാരിക്കാനോ ഒന്നും മറ്റൊരു വ്യക്തിയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ അദ്ദേഹത്തെപ്പോലെയാകാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ചിത്രം പരാജയപ്പെടും എന്ന് മാത്രമല്ല, മോശപ്പെട്ട അനുകരണമാവുകയും ചെയ്യും. ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അത് സംവിധായകന്‍ മാഹി വി രാഘവ് നന്നായിത്തന്നെ ചെയ്തിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അദ്ദേഹം തന്ന തിരക്കഥ 'ഫോളോ' ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും മമ്മൂക്ക പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.