അത്ഭുതപ്പെടുത്താന്‍ മമ്മൂട്ടി; വരാനിരിക്കുന്നതെല്ലാം അഡാറ് ഐറ്റങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (15:13 IST)

ഒരിടവേളയ്ക്ക് ശേഷം മലയാളം സിനിമ ഇന്‍ഡസ്ട്രി സജീവമാകുകയാണ്. മോഹന്‍ലാല്‍-മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലെത്തുന്നത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ചിത്രം ആറാട്ടുമാണ് ഏകദേശം 12 ദിവസത്തെ വ്യത്യാസത്തില്‍ തിയറ്ററുകളിലെത്തുന്നത്. ആറാട്ട് ഫെബ്രുവരി 18 നും ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനും തിയറ്ററുകളില്‍ റിലീസ് ചെയ്യും.

2022 ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ വര്‍ഷം ആരാധകരേയും മലയാള സിനിമാ പ്രേക്ഷകരേയും ആവേശം കൊള്ളിക്കുന്ന ഒന്നിലേറെ പ്രൊജക്ടുകളാണ് മമ്മൂട്ടിക്കുള്ളത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം തന്നെയാണ് അതില്‍ ഒന്നാമത്തേത്ത്. ബിഗ് ബി ഒരു ട്രെന്റ് സെറ്റര്‍ ആയിരുന്നെങ്കില്‍ അതിനു മുകളില്‍ പോകാന്‍ ഭീഷ്മ പര്‍വ്വത്തിനു സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ ഈ വര്‍ഷം റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ അവസാനിച്ചതാണ്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.

നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവാണ് ഈ വര്‍ഷം റിലീസ് ചെയ്യാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടി നെഗറ്റീവ് കഥാപാത്രം ചെയ്യുന്നു എന്നതാണ് പുഴുവിന്റെ പ്രത്യേകത. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസായി പുഴു എത്തുമെന്നും വിവരമുണ്ട്.

സിബിഐ അഞ്ചാം ഭാഗത്തിനായും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ച് തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.

ഇത് കൂടാതെ തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. നിഖില്‍ അക്കിനേനിയുടെ വില്ലനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നതെന്നാണ് വിവരം. വന്‍ പ്രതിഫലമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി വാങ്ങുന്നതെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :