‘തള്ളലോ നുണയോ ആവശ്യമില്ലെന്ന് മമ്മൂക്ക പ്രത്യേകം പറഞ്ഞു, തള്ളാൻ ആയിരുന്നെങ്കിൽ 20 ആം ദിവസം 100 കോടി എന്ന് കാച്ചാമായിരുന്നു’ - മധുരരാജയുടെ നിർമാതാവ് പറയുന്നു

തള്ളാൻ നിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു...

Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (15:08 IST)
50 ദിവസത്തിലധികം ഓടുന്നതും കോടി ക്ലബുകളിൽ കയറുന്നതുമാണ് ഇപ്പോൾ വലിയ വിജയങ്ങളായി കണക്കാക്കുന്നതിന്റെ മാനദണ്ഡം. മോഹൻലാലിനു നിലവിൽ 2 ചിത്രങ്ങളാണ് 100 കോടി ക്ലബിൽ കയറിയിട്ടുള്ളത്. മമ്മൂട്ടിക്ക് ഒന്നും. വൈശാഖ് സംവിധാനം ചെയ്ത 100 കോടി ക്ലബിൽ കയറിയ കാര്യം നിർമാതാവ് നെൽ‌സൺ ഐപ്പ് അറിയിച്ചിരുന്നു.

ചുമ്മാ തള്ളാൻ തങ്ങൾക്ക് താൽപ്പര്യം ഇല്ലായിരുന്നുവെന്നും അതിനാൽ ആണ് ശരിക്കിനും 100 കോടി കളക്ഷൻ ലഭിക്കുന്നത് വരെ പ്രഖ്യാപിക്കാൻ കാത്തിരുന്നതെന്നും ഇപ്പോൾ നിർമാതാവ് പറയുന്നു. ആർ ജെ പാർവതിയുമായുള്ള അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

45 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി നേടിയത്. ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിൽ നെൽ‌സൺ നന്ദി അറിയിക്കുകയാണ്. തള്ളലില്ലാത്ത ഒറിജിനൽ നൂറ് കോടി എന്ന് പറയുന്നതിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ:

‘നമ്മുടെ ആദ്യ സിനിമയാണ്. അത് എത്ര കിട്ടിയാലും വേണ്ടില്ലെന്നായിരുന്നു. തള്ളാനും നുണ പറയാനും താൽപ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല. പ്രത്യേകം പറഞ്ഞിരുന്നു ‘തള്ളാൻ നിക്കരുത്. ജനഹൃദയങ്ങളിലേക്ക് കയറേണ്ടത് എന്ന്. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോൾ 58 കോടി ലഭിച്ചതാണ്. തള്ളാനായിരുന്നെങ്കിൽ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ്. കറക്ട് ദിവസവും കണക്കും കൊടുത്തത്.‘- നെൽ‌സൺ ഐപ്പ് പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :