കീറിയ മനസ്സുമായി വേദനയോടെ പടം കണ്ടു തീർത്തു, കുറച്ചു സമയം വേണ്ടി വന്നു നോർമലാകാൻ! - വൈറലാകുന്ന കുറിപ്പ്

വേദനയോടെയാണ് ഞാൻ ആ സിനിമ കണ്ടത്: ഷാജോണിനോട് പ്രേക്ഷകൻ

aparna| Last Modified വ്യാഴം, 4 ജനുവരി 2018 (12:24 IST)
ഹാസ്യനടനായയും വില്ലനായും സഹതാരമായും മലയാള സിനിമയിൽ തിളങ്ങി നി‌ൽക്കുന്ന താരമാണ് കലാഭവൻ ഷാജോൺ. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് പരീത് പണ്ടാരി. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

ചിത്രം തന്നേയും കുടുംബത്തേയും വേദനിപ്പിച്ചുവെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നുമായിരുന്നു മുജീബ് റഹ്മാൻ എന്ന വ്യക്തി എഴുതിയ പോസ്റ്റ്. ഇത് ഷെയർ ചെയ്തുകൊണ്ടാണ് ഷാജോൺ അദ്ദേഹത്തോടെ തന്റെ നന്ദി അറിയിച്ചിരിക്കുന്നത്.

ഗഫൂർ വൈ ഇല്ലിയാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. കലാഭവൻ ഷാജോൺ, സജിത മഠത്തിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

മുജീബിന്റെ കുറിപ്പ്:

പരീത് പണ്ടാരി ഇന്നലെയാണ് കണ്ടത്. മക്കളും ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇടയ്ക്കുള്ള ചായ പോലും മറന്ന് പോയി. കീറിയ മനസ്സുമായി വേദനയോടെ പടം കണ്ട് തീര്‍ത്തു. മൂകത ആയിരുന്നു. കുട്ടികള്‍ ഒന്നും മിണ്ടാതെ അവരുടെ മുറികള്‍ പൂകി. ഞാനും കെട്ടിയോളും മുഖത്തോട് മുഖം നോക്കി ഇരുന്നു. കുറച്ച് സമയം വേണ്ടി വന്നു എല്ലാം ഒന്ന് നോര്‍മല്‍ ആവാന്‍. കണ്ടത് സിനിമ ആയിരുന്നു. ആ യാഥാര്‍ഥ്യത്തിലേയ്ക്ക് എത്താന്‍ സമയമെടുക്കും. എത്രയോ പരീത്മാര്‍ കണ്‍മുന്നില്‍ ഉണ്ടായിരിുന്നിരിക്കാം.കാണാതെ പോയി കണ്ടിട്ടും അറിയാതെ പോയി. ഹവ്വ ഉമ്മയെ കണ്ടിട്ടുണ്ടാകാം ഒന്നും അറിയാത്ത പോലെ നടന്ന് പോയിരിക്കാം ജീവിത വഴികളിലെ തമസ്‌കരിക്കപ്പെട്ടവരെ അവഗണിച്ച് പോയവര്‍. വല്ലാതെ നോവുന്നു ഇന്നും.. ഷാജോണും സജിതയും കണ്ണ് നനയിപ്പിക്കുക മാത്രമല്ല കണ്ണ് തുറപ്പിക്കുകയും ചെയ്യും. താങ്കള്‍ക്ക് അഭിമാനിക്കാം ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്‍ബോക്‌സില്‍ നമ്പര്‍ തന്നാല്‍ വിളിക്കാം.

മുജീബിന് മറുപടിയായ ഷാജോൺ എഴുതിയ കുറിപ്പ്:

നന്ദി മുജീബ്. താങ്കൾ ആരാണന്ന് എനിക്കറിയില്ല, പക്ഷേ ഒന്ന് മാത്രം അറിയാം. താങ്കൾ നല്ലൊരു സിനിമ സ്നേഹിയാണ്. കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വർഷം തികയും‌മ്പോൾ തിയറ്ററിൽ കാണാൻപറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാൻ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി.

എനിക്ക് പുതുവർഷ പുലരിയിൽ പുത്തനുണർവാണ് താങ്കളുടെ ഈ വാക്കുകൾ. സിനിമ എന്ന കലയോട് നീതിപൂർവം നിലകൊള്ളുന്ന താങ്കൾ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ്. തിയറ്ററിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സിൽ വിങ്ങലിന്റെ ഓളങ്ങൾ സൃഷ്ടിക്കുന്നു എന്നറിഞ്ഞതിൽ ഒരു നടനെന്ന നിലക്ക് ഞാൻ സന്തോഷവാനാണ് , നന്ദി .. കലാഭവൻ ഷാജോൺ


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :