Last Modified ശനി, 27 ഏപ്രില്‍ 2019 (15:13 IST)
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയുടെ ആദ്യ ആലോചനകള്‍ തുടങ്ങിയതായി സൂചന. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ‘വാത്സല്യം’ പോലെ ഒരു കുടുംബചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം ലൂസിഫര്‍ 2 ആയിരിക്കും പൃഥ്വി ഒരുക്കുക എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തതായി മമ്മൂട്ടിച്ചിത്രം ഒരുക്കാനാണത്രേ പൃഥ്വിക്ക് താല്‍പ്പര്യം.
ഏറെക്കാലമായി മലയാളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ.
ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്. വില്ലനായി ഇന്ദ്രജിത്ത് വരും.
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെയും സ്നേഹ-ദ്വേഷത്തിന്‍റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ടാകും.
‘ലൂസിഫര്‍’ ഒരിക്കലും കുടുംബപ്രേക്ഷകരെ ലക്‍ഷ്യമാക്കി ഒരുക്കിയ സിനിമയല്ല. തന്‍റെ അടുത്ത സിനിമ കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാകണമെന്ന നിര്‍ബന്ധത്തിലാണത്രേ പൃഥ്വിരാജ്.
സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.