'ഞാനൊരു സാഡിസ്റ്റല്ല,ഷാജി കൈലാസോ പൃഥ്വിരാജോ ഒട്ടുമല്ല';കടുവ പൊളിറ്റിക്കല്‍ കറക്ട്നസനെ വീണ്ടും ചോദ്യം, മറുപടി നല്‍കി ജിനു ഏബ്രഹാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (13:13 IST)
പൊളിറ്റിക്കല്‍ കറക്ട്നസിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ടോവിനോ തോമസ് നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. നടന്റെ പുതിയ സിനിമയായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. കടുവ ചിത്രത്തിന്റെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട നേരത്തെ വിവാദങ്ങള്‍ ഉണ്ടായിരുന്നു, അതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് തിരക്കഥാകൃത്തായ ജിനു ഏബ്രഹാം മറുപടി പറഞ്ഞിരുന്നു. ഇതിനിടെ ആയിരുന്നു ടൊവിനോയുടെ പ്രതികരണം.

'രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂര്‍വം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാം.'',-എന്നായിരുന്നു ടോവിനോ പറഞ്ഞത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം 2022ലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആ ഡയലോഗ് സിനിമയില്‍ നിന്നും ആ സീന്‍ മാറ്റിയിരുന്നു. എഴുത്തില്‍ ഇത്തരം പൊളിറ്റിക്കലായ കാര്യം ഇനി ശ്രദ്ധിക്കുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

'ഒരു സിനിമയുടെ തിരക്കഥ ഒരുപാട് ആളുകള്‍ വായിച്ച്, ഒരുപാട് ഫില്‍റ്ററിങുകള്‍ക്കു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ട് മുമ്പുള്ള നിമിഷത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ സിനിമ ഇറങ്ങിയ ശേഷം ഞാനും ചിത്രത്തിന്റെ സംവിധായകനും ഇവിടുത്ത പ്രബുദ്ധരായ പല മാധ്യമങ്ങളിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരൊക്കെ സിനിമ കണ്ടിരുന്നു. സിനിമയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ആര്‍ക്കും അതിനൊരു പ്രശ്നം തോന്നുകയോ ആ ഡയലോഗിന് അങ്ങനൊരു ആംഗിളോ തോന്നിയിരുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകള്‍ക്ക് അത് ബാധിക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഞങ്ങളാരും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു സാഡിസ്റ്റല്ല. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസോ നായകന്‍ പൃഥ്വിരാജോ ഒട്ടുമല്ല.',-ജിനു ഏബ്രഹാം പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :