അപർണ|
Last Updated:
ശനി, 4 ഓഗസ്റ്റ് 2018 (14:38 IST)
നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാരോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടി അമ്മ രംഗത്ത് വരേണ്ടതില്ലെന്ന് അക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയതോടെ അമ്മയുടെ നീക്കത്തിന് ആദ്യ തിരിച്ചടിയേറ്റിരിക്കുകയാണ്.
ഇപ്പോള്‍ ഹണിറോസിന്റെ വെളിപ്പെടുത്തലുകൂടിയായപ്പോള്‍ അമ്മയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. അമ്മയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാതിരിക്കാനായിരുന്നു സംഘടനയുടെ പുതിയ നീക്കം. അതിന്റെ ഭാഗമായാണ് നടിമാരായ രചന നാരായണ്‍ കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കി അമ്മ പുതിയ നീക്കം നടത്തിയത്.
ഇപ്പോള്‍ ഹര്‍ജിയില്‍ തിരുത്തലുകള്‍ ഉണ്ടായിരിക്കുന്നു എന്ന നടി ഹണി റോസിന്റെ വെളിപ്പെടുത്തല്‍ അമ്മയ്ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. നടിയെ അക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല. ഈ ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഹണി റോസ് വ്യക്തമാക്കുന്നു.
കേസില്‍ വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജിയില്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഹര്‍ജിയില്‍ തിരുത്തലുണ്ടായെന്ന് ഹണിറോസ് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.
താൻ നിലവിൽ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയ്‌ക്ക് വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന തന്റെ ഹർജിയിൽ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും ഇന്നലെ ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി. അതേസമയം, കക്ഷിചേരാനുള്ള നടിമാരുടെ നീക്കത്തെ സർക്കാർ എതിർത്തു. പ്രോസിക്യൂട്ടർ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്‌തു.