മകള്‍ക്ക് ഇഷ്ടമുള്ള പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ തടസ്സമായില്ല, അതു മാത്രമേ ചെയ്തുള്ളൂ, അനുപമയെ ഓര്‍ത്ത് അഭിമാനമെന്ന് അച്ഛന്‍ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഏപ്രില്‍ 2024 (15:20 IST)
അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. തെലുങ്ക് സിനിമ തില്ലു സ്‌ക്വയര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബില്‍ എത്തി. മകളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന അച്ഛനാണ് പരമേശ്വരന്‍. 2014 നവംബറിലാണ് അനുപമയുടെ സിനിമ ജീവിതം ആരംഭിക്കുന്നത് പരമേശ്വരന്‍ പറയുന്നു.ആദ്യസിനിമ 'പ്രേമം' വിജയമായിരുന്നില്ലെങ്കില്‍ അനുപമ സിനിമയില്‍ തുടരുമായിരുന്നോ എന്നും പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു തുടങ്ങുന്നു.

പരമേശ്വരന്റെ വാക്കുകളിലേക്ക്


2014 നവംബറില്‍ ആരംഭിച്ചതാണ് മകളുടെ സിനിമാ ജീവിതം. ഒട്ടേറെ പേരെ ഓഡിഷന്‍ നടത്തിയ അല്‍ഫോന്‍സ് പുത്രന് മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത ഈ പെണ്‍കുട്ടി തന്റെ കഥാപാത്രത്തിനു ചേരും എന്നു തോന്നിയതാണ് എല്ലാത്തിനും തുടക്കം...

ലക്ഷക്കണക്കിന് ആളുകള്‍ എന്തെങ്കിലും ആകുവാന്‍ ആഗ്രഹിക്കുകയും കുറച്ചുപേര്‍ക്ക് മാത്രം അതിന് സാധിക്കുകയും ചെയ്യുന്ന ഒരു മായിക ലോകമാണ് സിനിമ. കഴിവിനോടൊപ്പം ഭാഗ്യം പ്രധാന ഘടകമാണ്. ആദ്യസിനിമ 'പ്രേമം' ഒരു വിജയചിത്രം അല്ലായിരുന്നെങ്കില്‍ അനുപമ സിനിമയില്‍ തുടരുമായിരുന്നോ എന്നും പറയാന്‍ കഴിയില്ല...

പ്രേമത്തിലെ മേരിയെ ഇഷ്ടപ്പെട്ട തൃവിക്രം ശ്രീനിവാസ് ആ കഥാപാത്രവുമായി സ്വഭാവരീതിയില്‍ ഒരു ബന്ധവുമില്ലാത്ത നാഗവല്ലിയായി തെലുങ്കില്‍ അനുപമയെ അവതരിപ്പിച്ചു എന്നതുകൊണ്ടാണ് അവിടെ വലിയ സ്വീകാര്യത ലഭിച്ചത്. അവരെല്ലാം പ്രേമവും ആസ്വദിച്ചു കണ്ടവരാണ്. അവരുടെ സ്വന്തം കുട്ടിയായിട്ടാണ് തെലുങ്ക് നാട്ടുകാര്‍ ഇതുവരെ അനുപമയെ കണ്ടിട്ടുള്ളത്...

തമിഴില്‍ ആദ്യമായി ചെയ്ത 'കൊടി' യിലെ കഥാപാത്രത്തിനും, കന്നഡയിലെ ആദ്യസിനിമ 'നടസാര്‍വ്വഭൗമ' യിലെ കഥാപാത്രത്തിനും അതേ സ്വീകാര്യത ലഭിച്ചു എന്നതാണ് അനുപമയുടെ കരിയറിലെ ഭാഗ്യം...

മകള്‍ക്ക് ഇഷ്ടമുള്ള ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ തടസ്സമാകാതിരിക്കുക എന്ന കാര്യം മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്, ബാക്കിയെല്ലാം അവളുടെ ഇച്ഛാശക്തിയും പ്രയത്‌നവുമാണ്. സിനിമയിലെ പ്രതിഫലത്തെ കുറിച്ചോ, സാമ്പത്തിക ലാഭങ്ങളെക്കുറിച്ചോ വീട്ടില്‍ ഞങ്ങളാരും സംസാരിക്കാറില്ല, എന്നാല്‍ പ്രകടന സാദ്ധ്യതകള്‍ ഒരു വിഷയവുമാണ്...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :