തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

ദുൽഖർ ചെയ്ത തമിഴ്, തെലുങ്ക് ചിത്രങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും ഹിറ്റായിരുന്നു.

Dulquer Salman
Dulquer Salman
നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 16 ജൂണ്‍ 2025 (10:11 IST)
ദുൽഖർ സൽമാന്റെ തിരഞ്ഞെടുപ്പുകളെല്ലാം മനോഹരമാണ്. മലയാളത്തിൽ മോശമെന്ന് പറയാൻ അടുത്തിടെ ചെയ്തതിൽ കൊത്ത മാത്രമേയുള്ളു. തമിഴിലും തെലുങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. ദുൽഖർ ചെയ്ത തമിഴ്, തെലുങ്ക് ചിത്രങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും ഹിറ്റായിരുന്നു. മഹാനടി, സീതാരാമം, ലക്കി ഭാസ്കർ തുടങ്ങിയ സിനിമകൾ എല്ലാം തെലുങ്കിൽ ദുൽഖറിന് ബലമുള്ള അടിത്തറ ഉണ്ടാക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.

2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ദുൽഖർ ചിത്രം ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അവാർഡ് ദാന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ തന്റെ തെലുങ്ക് ആരാധകരോട് നന്ദി അറിയിക്കുകയാണ് ദുൽഖർ. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും നടൻ അറിയിച്ചിട്ടുണ്ട്.

'തെലുങ്ക് സിനിമയിലെ എന്റെ യാത്ര അസാധാരണമാണ്. ഏറ്റവും നല്ല കഥകൾ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ കണ്ടെത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വേഷങ്ങൾ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ട്. ഞാൻ അഭിനയിച്ച ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാവരും അവരവരുടെ വർഷങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത് കാണുന്നത് സന്തോഷമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിക്കും, തെലങ്കാന സർക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, ഓരോ സിനിമയിലെയും എന്റെ ഒപ്പം പ്രവർത്തിച്ചവർക്കും തെലുങ്ക് സിനിമയെ സ്നേഹിക്കുന്നവർക്കും എന്റെ ഹൃദയംഗമമായ നന്ദി. ഈ സ്വീകാര്യതയ്ക്കും, ഈ അംഗീകാരത്തിനും, അഭിനന്ദനത്തിനും നന്ദി. നിർഭാഗ്യവശാൽ എനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എനിക്ക് അത് വലിയ നഷ്ടമാണ്,' ദുൽഖർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :