ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 29 ഏപ്രില്‍ 2020 (13:07 IST)
മലയാളത്തിന്‍റെ പ്രിയതാരം ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡ് പ്രവേശം നടത്തിയത് ഇര്‍ഫാന്‍ ഖാന്‍റെ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ്. ദുല്‍ക്കറിന്‍റെ സിനിമാകരിയറില്‍ എന്നും ആ സിനിമയ്‌ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. അത് തന്‍റെ ആദ്യ ഹിന്ദി ചിത്രം എന്ന നിലയില്‍ മാത്രമല്ല. രാജ്യത്തെ ഏറ്റവും മികച്ച ഒരു നടനൊപ്പം ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനായി എന്ന നിലയില്‍ കൂടിയാണ്. കര്‍വാന്‍ റിലീസാകുകയും ഭേദപ്പെട്ട വിജയം നേടുകയും ചെയ്‌തു. അതൊരു ഫീല്‍ഗുഡ് സിനിമയായിരുന്നു. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും ദുല്‍ക്കറും തമ്മിലുള്ള ഹൃദയസ്പര്‍ശിയും രസകരവുമായ ബന്ധത്തിന്‍റെ ആഴമാണ് പ്രേക്ഷകര്‍ ആ സിനിമയെ സ്നേഹിക്കാന്‍ കാരണം.
ആ സിനിമയ്‌ക്ക് ശേഷം വ്യക്‍തിപരമായും ദുല്‍ക്കറിന്‍റെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ഇര്‍ഫാന്‍ ഖാന്‍. താന്‍ അതീവഗുരുതരമായ ഒരു രോഗത്തിന്‍റെ പിടിയിലാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്‌ത ആ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് രാജ്യത്തെ ഇര്‍ഫാന്‍ പ്രേമികളെല്ലാം നടുങ്ങിപ്പോയി. 'താങ്കളുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും’ എന്നായിരുന്നു ഇര്‍ഫാന്‍റെ ട്വീറ്റിന് ദുല്‍ക്കര്‍ മറുപടിയെഴുതിയത്.
ബോളിവുഡിൽ മാത്രമല്ല, ഹോളിവുഡിലും മികച്ച സാന്നിധ്യം അറിയിച്ചിരുന്നു ഇര്‍ഫാന്‍ ഖാന്‍. സ്ലം ഡോഗ് മില്യണയർ, ലൈഫ് ഓഫ് പൈ, ജുറാസിക് വേൾഡ് തുടങ്ങിയചിത്രങ്ങളില്‍ ഗംഭീര പ്രകടനമാണ് ഇര്‍ഫാന്‍ കാഴ്‌ചവച്ചത്. ലഞ്ച് ബോക്‍സിലെ പ്രകടനം കാൻ ചലച്ചിത്രമേളയിൽ പ്രേക്ഷകപുരസ്കാരം നേടിക്കൊടുത്തു. പാൻ സിങ് തോമർ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്കാരവും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്.