ആരും വിമര്‍ശിക്കരുതെന്ന് പറയുന്നവരുടേത് മാടമ്പി സംസ്കാരമെന്ന് ഡോ ബിജു

കൊച്ചി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (17:25 IST)
സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സിനിമയെ വിമര്‍ശിക്കുന്നവര്‍ ഒരു കലാപാരമ്പര്യവും ഇല്ലാത്തവരാണെന്ന സത്യന്‍ അന്തിക്കാടിന്റെ വിമര്‍ശനത്തിന്‌ മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത്. തങ്ങളെ ആരും വിമര്‍ശിക്കരുതെന്ന നിലപാട് മറ്റുള്ളവരെല്ലാം അടിയാളന്‍മാരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്‌കാരത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ലെന്ന് ഡോ. ബിജു തന്റെ പോസ്റ്റിലൂടെ പറയുന്നു.

ഇതുകൂടാതെ ആത്മ രതിയും, ആത്മ പ്രശംസയും, അന്ധമായ മാധ്യമ വാഴ്തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാന്‍സ്‌ പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകള്‍ ഒന്നുനോക്കി കാണണമെന്നും. കുഴപ്പമില്ലാത്ത സിനിമകള്‍ ഉണ്ടാക്കാന്‍ അത് ചിലപ്പോള്‍ സഹായിച്ചേക്കും എന്ന ഉപദേശവും ഡോ ബിജു ഫേസ്ബുക്ക് കുറിപ്പില്‍ നല്‍കുന്നുണ്ട്.

ഡോ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..........


നിരവധി വര്‍ഷങ്ങളായി മാധ്യമങ്ങളുടെ സ്തുതി പാടലുകളിള്‍ അഭിരമിച്ച് രാഷ്ട്രീയവും സാമൂഹികവുമായ പ്രതിലോമതകളുടെ വിഴുപ്പുകള്‍ കുത്തി നിറച്ച പൈങ്കിളി സിനിമകള്‍ കേരളീയ സമൂഹത്തിലേക്ക് മലീമസമായി ഒഴുക്കി വിട്ട നിരവധി സംവിധായകരും അഭിനേതാക്കളും ഇവിടെ ഉണ്ട് . മാധ്യമ പരിലാളനകളിള്‍ സ്വയം അഭിരമിച്ചു പോയ ഇത്തരം കപട ബിംബങ്ങളെ തുറന്നു കാട്ടുവാന്‍ സോഷ്യള്‍ മീഡിയയ്ക്കു സാധിക്കുന്നു എന്നതാണ് പുതിയ കാലത്തിന്റെ പ്രസക്തിയും രാഷ്ട്രീയവും . വിമര്‍ശിക്കുവാന്‍ പാരമ്പര്യം ആവശ്യമാണ് എന്ന് പറയുന്നവരുടെ മനസ്സിലുള്ള ബോധം മറ്റുള്ളവരെല്ലാം അടിയാളന്‍മാരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്കാരത്തിള്‍ നിന്നും ഒട്ടും വിഭിന്നമല്ല . വിമര്‍ശനത്തിനു ആരും അതീതരല്ല . വിമര്‍ശനങ്ങളെ നേരിടേണ്ടത് വിമര്‍ശിക്കുന്നവരുടെ പാരമ്പര്യവും കുല മഹിമയും യോഗ്യതയും ചോദ്യം ചെയ്തു കൊണ്ടല്ല മറിച്ചു സ്വന്തം സൃഷ്ടികളുടെ ആര്‍ജ്ജവത്തിലൂടെയും പ്രതിബദ്ധതയിലൂടെയും കലാ മൂല്യത്തിലൂടെയും ഒക്കെ ആവണം . അതിന് ആദ്യം വേണ്ടത് സിനിമ തട്ടിക്കൂട്ട് പരിപാടിയിലൂടെ ഒപ്പിക്കുന്ന ഒരു കച്ചവട ചരക്കാണെന്ന വിശ്വാസം ഉപേക്ഷിക്കുകയാണ് .
സിനിമാക്കാരെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഈയിടെയായി കൂടി വരുന്നു . സോഷ്യള്‍ മീഡിയയുടെ കടന്നു വരവോടെ രാഷ്ട്രീയവും , സാമൂഹികവും , സാംസ്കാരികവുമായ നിരവധി വിഷയങ്ങളിള്‍ പുതിയ യുവത (ന്യൂ ജെനെറേഷന്‍ അല്ല ) ശക്തമായി പ്രതികരിക്കുന്ന സാഹചര്യം സംജാതമായി . മുഖ്യ ധാരാ മാധ്യമങ്ങള്‍ അവഗണിച്ച വിഷയങ്ങള്‍ പലതും ചര്‍ച്ച ചെയ്തതും ഏറ്റെടുത്തതും സൈബര്‍ ഇടങ്ങള്‍ ആണ് ആദിവാസികളുടെ നിള്‍പ്പ് സമരം മുതള്‍ ലാലിസം വെരെ ഉദാഹരണങ്ങള്‍ ഉണ്ട് . സിനിമകളുടെ കാര്യത്തിള്‍ ഇപ്പോഴും ഫാന്‍സ്‌ ഭക്തന്മാരായ കുറച്ച് ഭ്രാന്തന്മാരും പെയ്ഡ് ഓണ്‍ ലൈന്‍ പ്രൊമൊട്ടര്‍മാരും വ്യക്തി പൂജകളുമായി സോഷ്യള്‍ മീഡിയയിള്‍ വിവര ദോഷം തുടരാറുണ്ട് എങ്കിലും സിനിമകളെ കൃത്യമായി വിലയിരുത്തുന്ന വലിയൊരു കൂട്ടം ആളുകള്‍ ഇവിടെ ഉണ്ട് . മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇപ്പോഴും വ്യക്തി പൂജയ്ക്കും ആരാധനയ്ക്കും അപ്പുറം സിനിമയെ രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും കലാപരമായും നോക്കി കാണുവാന്‍ മടിക്കുമ്പോള്‍ ആ കടമകള്‍ നിറവേറ്റുന്നതു സോഷ്യള്‍ മീഡിയ ആണ് . അത് കൊണ്ട് തന്നെയാണ് സോഷ്യള്‍ മീഡിയയിലെ വിമര്‍ശനങ്ങളെ സിനിമക്കാര്‍ ഭയക്കുന്നത് . തങ്ങളുടെ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്ന ഭയാശങ്ക ആണ് ഇവര്‍ക്ക് . ശരാശരി നിലവാരത്തിലും താഴെയുള്ള തികച്ചും കപടമായ ചില പൈങ്കിളി സിനിമകളിലൂടെ മാധ്യമങ്ങളുടെ പുകഴ്ത്തു പാട്ടുകളിലൂടെ സിനിമയുടെ അപ്പോസ്തലന്മാര്‍ ആയി മാറിയ കുറച്ചു സംവിധായകരും താരങ്ങളും തങ്ങളുടെ നേരേ സോഷ്യള്‍ മീഡിയയിലൂടെ ചൂണ്ടുന്ന വിരലുകളെ ഭയക്കുകയാണ് . അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് വിമര്‍ശനത്തിന്റെ വിരള്‍ ചൂണ്ടാന്‍ നിനക്കെന്ത് പാരമ്പര്യവും കുല മഹിമയും ആണുള്ളത് എന്ന മറു ചോദ്യത്തിലൂടെ ഇവര്‍ പ്രകടമാക്കുന്നത് .. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും പ്രത്യേകിച്ച് പാരമ്പര്യം ഒന്നും ആവശ്യമില്ല സാര്‍ അതിനു അള്‍പ്പം സാമൂഹിക ബോധവും സംസ്കാരവും പ്രതികരണ ശേഷിയും മാത്രമേ വേണ്ടു . സിനിമയേയും സിനിമാക്കാരെയും ആകാശത്തു നിന്നും നൂലീന്നു കെട്ടിയിറക്കിയതൊന്നും അല്ലല്ലോ വിമര്‍ശിക്കാതിരിക്കാന്‍ . . ചോദ്യംചെയ്യപ്പെടേണ്ടവ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം . കപട ബിംബങ്ങള്‍ ഏറ്റവും കൂടുതള്‍ ഉള്ളത് സിനിമയിള്‍ തന്നെയാണ് .. അത് തച്ചു തകര്‍ക്കപ്പെടെണ്ടത്‌ തന്നെയാണ് . താരപൂജയുടെ ഭാരങ്ങള്‍ ഇല്ലാതെ ശരി എന്ന് തോന്നുന്നത് ശരി എന്ന് തന്നെ എഴുതുന്ന മനീഷ് നാരായണനെ പോലെയുള്ളവരെ കുല മഹിമയുടെ പേര് പറഞ്ഞ് വിരട്ടിയിട്ട് കാര്യമില്ല . കുല മഹിമയും പാരമ്പര്യവും ഇല്ലാത്ത നിരവധി അടിയാളന്മാരുടെ ചൂണ്ടു വിരലുകള്‍ ഇനിയും ഉയര്‍ന്നു വരും . അവരുടെ വിരലുകളിലെ അക്ഷരങ്ങളുടെ അഗ്നിയെ നിങ്ങള്‍ പേടിക്കുക തന്നെ വേണം. അതല്ലെങ്കിള്‍ ആ അഗ്നിക്ക് ദഹിപ്പിക്കാന്‍ ആകാത്ത മൂല്യമുള്ള സൃഷ്ടികള്‍ ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് സാധ്യമാകണം . കുറഞ്ഞ പക്ഷം അതിനുള്ള ശ്രമങ്ങള്‍ എങ്കിലും നിങ്ങള്‍ നടത്തണം . ആത്മ രതിയും, ആത്മ പ്രശംസയും, അന്ധമായ മാധ്യമ വാഴ്തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാന്‍സ്‌ പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകള്‍ ഒന്നുനോക്കി കാണുക. കുഴപ്പമില്ലാത്ത സിനിമകള്‍ ഉണ്ടാക്കാനെങ്കിലും അത് ചിലപ്പോള്‍ സഹായിച്ചേക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :