ചാക്കോച്ചന്റെ നായികയാകാനുള്ള ഗ്ലാമർ നിമിഷയ്ക്കില്ല - അന്ന് അവൾ ഒരുപാട് കരഞ്ഞു

കുഞ്ചാക്കോ ബോബനേക്കാൾ ഗ്ലാമർ കുറവെന്ന് ചിലർ, കരഞ്ഞു കൊണ്ട് അന്ന് നിമിഷ വിളിച്ചു; ഇത് നിമ്മിയുടെ മധുരപ്രതികാരമെന്ന് സൗമ്യ സദാനന്ദൻ

Last Modified വെള്ളി, 1 മാര്‍ച്ച് 2019 (08:21 IST)
സൗന്ദര്യം കുറവാണെന്ന പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് നിമിഷയെന്ന് സംവിധായിക സൌമ്യ സദാനന്ദൻ. തന്നെ വിമർശിച്ചവർക്കെല്ലാം തക്കതായ മറുപടിയാണ് അവൾ സംസ്ഥാന അവാർഡിലൂടെ നൽകിയതെന്നും സൌമ്യ ഫേസ്ബുക്കിൽ കുറിച്ചു.

സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെയാണ് നിമിഷയ്ക്ക് അപക്വമായ വിമർശനങ്ങൾ നേരിടേണ്ടിവന്നത്. തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടെയും ചില ആരാധകരുടെയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സൗമ്യ പറയുന്നു.

‘അന്ന് നിമ്മി വിളിച്ചപ്പോൾ അവൾ ഒരുപാട് വിഷമത്തിലായിരുന്നു. കരഞ്ഞുകൊണ്ടാണ് അവൾ സംസാരിച്ചത്. അത് കേട്ടപ്പോൾ എനിക്കും വിഷമമായി, ഞാനും മാനസികമായി തകർന്നു. എന്റെ നായകനേക്കാൾ ഗ്ലാമർ കുറവാണ് നായികയ്ക്കെന്നുള്ള ചില ഫാൻസ് ഗ്രൂപ്പിന്റെയും വിമർശകരുടെയും അഭിപ്രായമാണ് അവളെ അലട്ടിയത്.‘

‘വളരാൻ ആഗ്രഹവും കഴിവുമുള്ള ഒരു വ്യക്തിയെ മുളയിലേ നുള്ളി ഇല്ലാതാക്കുന്ന ഒരു സമീപനമായിരുന്നു ഇത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കും മുമ്പേ അവരെ തഴയുക. സച്ചിനെക്കുറിച്ച് സംസാരിച്ചാണ് ഞാന്‍ നിമിഷയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.‘

‘സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറിൽ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു’- സൗമ്യ വ്യക്തമാക്കി.

ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാംഗല്യം തന്തുനാനേന. കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയിൽ ക്ലാര എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. ചാക്കോച്ചന്റെ ഭാര്യാ കഥാപാത്രമായിരുന്നു നിമിഷയുടേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :