മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

Divya Unni and Manju Warrier
രേണുക വേണു| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (10:57 IST)
Divya Unni and Manju Warrier

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റായ രണ്ട് സിനിമകളിലേക്ക് അതിന്റെ സംവിധായകര്‍ ആദ്യം ആലോചിച്ചത് മഞ്ജു വാരിയറെയാണ്. മഞ്ജുവിന് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് പകരം ദിവ്യ ഉണ്ണി നായികയായത്.

മഞ്ജുവിന്റെ തിരക്കുകള്‍ കാരണം ദിവ്യ ഉണ്ണിക്ക് അന്ന് ലഭിച്ചത് ഒരു മമ്മൂട്ടി ചിത്രവും ഒരു മോഹന്‍ലാല്‍ ചിത്രവുമാണ്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവാണ് മമ്മൂട്ടി ചിത്രം. മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച നായികവേഷത്തിലേക്കാണ് ലാല്‍ ജോസ് മഞ്ജുവിനെ പരിഗണിച്ചത്. തിരക്കുകള്‍ കാരണം മഞ്ജു ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ദിവ്യ ഉണ്ണിയിലേക്ക് ഈ കഥാപാത്രമെത്തുന്നത്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'എന്റെ ആദ്യ സിനിമയായ 'ഒരു മറവത്തൂര്‍ കനവില്‍' നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആണ്. ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു.' ലാല്‍ ജോസ് പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് 'ഉസ്താദ്'. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്.

ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റി. പൂര്‍ണമായി കുടുംബപശ്ചാത്തലത്തില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ കൂടി കൂടുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചു. അതോടെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :