കൊച്ചി|
jibin|
Last Modified ശനി, 25 മാര്‍ച്ച് 2017 (16:58 IST)
ഫെഫ്കയുടെ ഭാരവാഹിത്തം സംവിധായകരായ സിബി മലയിലും ബി ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവയ്ക്കണമെന്ന് സംവിധായകൻ വിനയൻ.
താരസംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ല. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ നിന്നുണ്ടായ വിജയം വിടപറഞ്ഞ നടൻ തിലകനു സമർപ്പിക്കുന്നതായി വിനയൻ പറഞ്ഞു.
തന്നെ ഇല്ലാതാക്കാൻ
ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമിച്ചു. കാറ് കയറ്റി ആക്രമിക്കാനാണ് ചിലര്‍ പദ്ധതിയിട്ടത്.
ഇക്കാര്യം സംഘടനയിലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവർത്തിച്ചത്. സൂപ്പർ താരങ്ങളുടെ വാടക ഗുണ്ടകളായി പ്രവർത്തിക്കുകയാണു സംവിധായകരെന്നും എറണാകുളം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് വിനയൻ വ്യക്തമാക്കി.
തനിക്കുവേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ മോശമായി അധിക്ഷേപിക്കുകയാണുണ്ടായത്. നടൻ മധുവിനെയും സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് അവർ വിലക്കി. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകം. നഷ്ടപ്പെട്ട എട്ടരവർഷം തിരികെ നൽകാൻ ഇവർക്കാർക്കും സാധിക്കില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.