നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (14:08 IST)
ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കാതൽ ദി കോർ. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ചിത്രം റിലീസ് ആയതിന് പിന്നാലെ ചില വിമർശങ്ങളും ഉയർന്നു. മമ്മൂട്ടി ആയതുകൊണ്ടാണ് ചിത്രത്തിൽ ഇഴുകിച്ചേർന്നുള്ള സീനുകൾ ഇല്ലാത്തത് എന്നതായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, അത് സത്യമല്ലെന്നും എന്തുകൊണ്ടാണ് ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ സിനിമയിൽ ഇല്ലാത്തതെന്നും വ്യക്തമാക്കുകയാണ് സംവിധായകൻ ജിയോ ബേബി ഇപ്പോൾ. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജിയോ ബേബി.
മമ്മൂട്ടി ഉള്ളതുകൊണ്ടല്ല ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി. 'മമ്മൂക്ക ഈ സിനിമയില്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തില്‍ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തോന്നിയില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല.'- അദ്ദേഹം പറഞ്ഞു.
ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ തോന്നിയ സിനിമയാണ് കാതല്‍. എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി ജിയോ ബേബിയോട് ചോദിച്ചിട്ടുണ്ട്.
മമ്മൂട്ടിയെപ്പോലെയുള്ള ഒരു അഭിനേതാവും ഈ ആശയം മനസിലാക്കാന്‍ പറ്റിയ ഒരു മനുഷ്യനേയും വേണം എന്നാണ് അതിന് മറുപടിയായി സംവിധായകൻ പറഞ്ഞത്. ബോളിവുഡിലേയും മറ്റും നടന്മാര്‍ക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അതൊന്നും ഇല്ലാത്ത ഒരു നടന്‍ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനവും എന്ന് സംവിധായകൻ പറയുന്നു.