രേണുക വേണു|
Last Modified ഞായര്‍, 13 ജൂലൈ 2025 (09:43 IST)
Dies Irae: ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ'യുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
ഇതുവരെ കാണാത്ത തരത്തിലുള്ള വളരെ വ്യത്യസ്തമായ ലുക്കിലാണ് പ്രണവ് മോഹന്‍ലാല്‍. പൈങ്കിളി ലുക്കെല്ലാം വിട്ട് ഇത്തവണ അല്‍പ്പം ദുരൂഹത നിറഞ്ഞ ലുക്കിലാണ് പ്രണവ്.
പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ ഇറക്കിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്.ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് 'ഡീയസ് ഈറേ'യുടെ നിര്‍മാണം.
2025 ഏപ്രില്‍ 29 നാണ് 'ഡീയസ് ഈറേ'യുടെ ചിത്രീകരണം പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് - പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും. രാഹുല്‍ സദാശിവന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ക്രിസ്‌റ്റോ സേവ്യര്‍, ക്യാമറ ഷെഹ്നാദ് ജലാല്‍.
'ഡീയസ് ഈറേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബൈബിളില്‍ പ്രതിപാദിക്കുന്ന അന്ത്യവിധിയുടെ പശ്ചാത്തലമാണ് ഫസ്റ്റ് ലുക്കില്‍ നല്‍കിയിരിക്കുന്നത്.