''തന്റെ ജീവിതം മാറ്റിമറിച്ച സിനിമയായിരുന്നു അത്'' - ദുൽഖർ സൽമാൻ

'അയാളെ' അവതരിപ്പിക്കാനായത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ദുൽഖർ!

aparna shaji| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (13:49 IST)
മലയാളി പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഇടം പിടിക്കാൻ കഴിഞ്ഞ ഡിസംബർ 24ന് ചാർലിയെന്ന ചെറുപ്പക്കാരൻ വരികയുണ്ടായി. തന്റെ വരവ് അയാൾ മുൻകൂട്ടി പറഞ്ഞിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതുമായിരുന്നു. എന്നാൽ, പ്രതീക്ഷിക്കാത്ത സ്വീകരണവും വിജയവുമായിരുന്നു ചാർലിക്ക് ഉണ്ടായത്. ദുല്‍ഖര്‍ സല്‍മാന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'ചാര്‍ലി' വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. കരിയറില്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതും പ്രത്യേകതകള്‍ ഉള്ളതുമാണ് ചാര്‍ലിയെന്ന് പറയുകയാണ് ദുല്‍ഖര്‍, ഈ ഒന്നാം വാര്‍ഷികവേളയില്‍.

ദുൽഖർ സൽമാന്റെ വാക്കുകളിലൂടെ:

‘ചാര്‍ലി’ക്ക് ഒരു വയസായെന്ന് വിശ്വസിക്കാനാവുന്നില്ല. എന്തൊരു സിനിമയായിരുന്നു അത്! ജീവിതം മാറ്റിമറിച്ച ചിത്രം. ആശയം കേട്ടതും കഥാപാത്രത്തിന്റെ ലുക്ക് തീരുമാനിച്ചതും മുതല്‍ അതിനുവേണ്ടി നടത്തിയ പരിശീലനവും അത് സിനിമയാകുന്നതും വരെ. ഒരുപാടുപേര്‍ ഇഷ്ടപ്പെട്ട ചിത്രം. മറ്റാരേക്കാളും എനിക്ക് അടുപ്പമുള്ള സിനിമയാണിത്. എനിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ചിത്രം. കല്‍പ്പന ചേച്ചിയുടെ ഓര്‍മ്മകള്‍ എന്നേക്കുമായി പകര്‍ന്ന ചിത്രം. വേണുസാറിനെപ്പോലെയുള്ള (നെടുമുടി വേണു) എന്റെ നായകന്മാരോടൊപ്പം, സൗബിനും ചെമ്പനുമൊപ്പം, എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത അനവധി കലാകാരന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞ ചിത്രം.

ചിത്രത്തിലെ വനിതാ സൂപ്പര്‍സ്റ്റാറുകളായ പാര്‍വതിയും അപര്‍ണയും. അലക്‌സ് എന്ന സൂപ്പര്‍ഹിറ്റ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നിര്‍മ്മാതാക്കളായ ജോജുവും ഷിബിനും. ജയശ്രീയുടെ അവിസ്മരണീയമായ കലാസംവിധാനം. സമീറയുടെ മികച്ച വസ്ത്രാലങ്കാരം. ഗോപി സുന്ദറിന്റെ കാലാതീതമായ സംഗീതം. ജോമോന്റെ വശീകരണശക്തിയുള്ള ഫ്രെയ്മുകള്‍, ഉണ്ണിയേട്ടന്റെ മാന്ത്രികശക്തിയുള്ള വാക്കുകള്‍. വ്യത്യസ്തനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനം. ചാര്‍ലി സ്‌പെഷ്യല്‍ ആവാന്‍വേണ്ടി ഉള്ളതാണ്. ‘അയാളെ’ അവതരിപ്പിക്കാനായത് എന്റെ ഭാഗ്യം. ചാര്‍ലി ടീമിലെ എല്ലാവര്‍ക്കും സ്‌നേഹം. ഒപ്പം അതിനെ സ്‌നേഹിച്ചവര്‍ക്കും...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :