മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ; 'ബ്രോ ഡാഡി' ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ തന്നെ, തിയറ്ററിലെത്തില്ല

രേണുക വേണു| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:36 IST)

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' തിയറ്റര്‍ റിലീസിന് ഇല്ല. സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. ആമസോണ്‍ പ്രൈമില്‍ സിനിമ എത്തിക്കാനാണ് അണിയറ നീക്കം. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബ്രോ ഡാഡി'. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സിനിമയുടെ ഒ.ടി.ടി. റിലീസിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ആശിര്‍വാദ് സിനിമാസ് ആണ് വിതരണ കമ്പനി.

മോഹന്‍ലാലും പൃഥ്വിരാജും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജോണ്‍ കാറ്റാടിയുടെ സഹോദരന്‍ ഈശോ കാറ്റാടിയായി പൃഥ്വിരാജ് എത്തും. ഉണ്ണി മുകുന്ദന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രോ ഡാഡി ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരിക്കലും ഈ സിനിമയെ ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തമാശ കേന്ദീകൃതമായ ഒരു സിനിമ മികച്ച വിഷ്വല്‍ കൂടി നല്‍കി നിര്‍മ്മിച്ചാല്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കും. മലയാളത്തില്‍ നമ്മള്‍ അത്തരം സിനിമകള്‍ അധികം ചെയ്തിട്ടില്ല. അതിന് കാരണം ബജറ്റ് തന്നെയാണ്. പിന്നെ മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അതാണ് തങ്ങള്‍ ഒരുമിച്ച് ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :