നിഹാരിക കെ എസ്|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (13:13 IST)
മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയവരിൽ ഒരാളാണ് ബിജുക്കുട്ടൻ. പച്ചക്കുതിര ആയിരുന്നു ആദ്യ സിനിമ. പിന്നീട് മമ്മൂട്ടിയുടെ പോത്തൻവാവ എന്ന ചിത്രം ബിജുക്കുട്ടന്റെ തലവര തന്നെ മാറ്റി. ചെറുപ്പം മുതൽ താൻ ഒരു മോഹൻലാൽ ഫാൻ ആയിരുന്നുവെന്ന് ബിജുക്കുട്ടൻ പറയുന്നു. എന്നാൽ, ഒരു മമ്മൂട്ടി സിനിമയാണ് തന്റെ തലവര മാറ്റിയതെന്നാണ് ബിജുക്കുട്ടന്റെ അഭിപ്രായം. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജുക്കുട്ടന്റെ അച്ഛൻ മമ്മൂട്ടി ഫാൻ ആയിരുന്നു. മോഹൻലാൽ ഫാൻ ആയ ബിജുക്കുട്ടൻ മമ്മൂട്ടിയുടെ പേരും പറഞ്ഞ് പലപ്പോഴും കളിയാക്കുമായിരുന്നു. മമ്മൂട്ടിക്ക് ഡാൻസ് അറിയില്ല, അദ്ദേഹത്തിന്റെ അഭിനയം പോരാ എന്നൊക്കെ പറഞ്ഞ് ബിജുക്കുട്ടൻ അച്ഛനുമായി വഴക്കിടുമായിരുന്നു. ആ സമയത്താണ് ബിജുക്കുട്ടന് പോത്തൻവാവയിൽ അവസരം ലഭിക്കുന്നത്. സിനിമ റീലീസ് ശേഷം കുടുംബത്തോടൊപ്പമായിരുന്നു ബിജുക്കുട്ടൻ പോയി കണ്ടത്.
വീട്ടിലെത്തി എങ്ങനെയുണ്ടെന്ന് അച്ഛനോട് ചോദിച്ചപ്പോൾ 'മമ്മൂട്ടി ഉള്ളതുകൊണ്ട് നീ രക്ഷപ്പെട്ടു' എന്നായിരുന്നു നടന്റെ അച്ഛന്റെ മറുപടി. ഇത് കേട്ട ബിജുക്കുട്ടന് വിഷമമായി. അന്ന് പറഞ്ഞതൊക്കെ തമാശയ്ക്കായിരുന്നുവെന്ന് അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. തനിക്കൊരിക്കലും മറക്കാനാകാത്ത അനുഭവമാണിതെന്നാണ് ബിജുക്കുട്ടൻ പറയുന്നത്.