Bazooka: മമ്മൂട്ടിയുടെ പരീക്ഷണം വിജയം കണ്ടോ? രണ്ട് ഗെറ്റപ്പുകള്‍, രണ്ടാം ഭാഗം !
റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബസൂക്കയുടെ ചില പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്
രേണുക വേണു|
Last Modified ബുധന്‍, 9 ഏപ്രില്‍ 2025 (20:36 IST)
Mammootty - Bazooka
Bazooka: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' തിയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ ഒന്‍പതിനാണ് ചിത്രത്തിന്റെ ആദ്യ ഷോ. ഉച്ചയ്ക്കു 12 മണിയോടെ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവരും.
റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബസൂക്കയുടെ ചില പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലരുടെ അഭിപ്രായം. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്‌സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ വലിയ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബസൂക്കയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. അലെക്‌സ 35 ക്യാമറയിലൂടെ എആര്‍ആര്‍ഐ ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയാണ് ബസൂക്കയുടേത്. വൈഡ് ആംഗിള്‍ വിഷ്വല്‍സിന് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ബസൂക്കയുടെ പല മേഖലകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ബസൂക്കയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.