ക്ലിക്കാവാതെ ബാഡ് ബോയ്‌സ്; ഒമര്‍ ലുലു ചിത്രത്തിനു ആളില്ല !

റഹ്‌മാന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്‌സ്' വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്

Bad Boyz
Bad Boyz
രേണുക വേണു| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (15:55 IST)

ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ഒമര്‍ ലുലു ചിത്രം ബാഡ് ബോയ്‌സ്. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ബാഡ് ബോയ്‌സിന് ഇതുവരെ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത് ഒന്നരകോടിക്ക് താഴെയാണ്. തിരുവോണ ദിവസമായ ഞായറാഴ്ച കളക്ട് ചെയ്ത 42 ലക്ഷമാണ് ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന കളക്ഷന്‍. വേള്‍ഡ് വൈഡായി 1.36 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ദിവസം മോശം അഭിപ്രായങ്ങള്‍ ലഭിച്ചതും കിഷ്‌കിന്ധാ കാണ്ഡം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകള്‍ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതുമാണ് ബാഡ് ബോയ്‌സിനു തിരിച്ചടിയായത്.

റഹ്‌മാന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്‌സ്' വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മോശം പ്രതികരണമാണ് ആദ്യ ഷോയ്ക്കു ശേഷം ലഭിക്കുന്നത്. കണ്ടുപഴകിയ തട്ടിക്കൂട്ട് പടമെന്നാണ് മിക്കവരുടെയും അഭിപ്രായം. കുറേ വലിയ താരങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ പുതുമയുള്ളതൊന്നും സിനിമയില്‍ ഇല്ലെന്നും ചില പ്രേക്ഷകര്‍ പറയുന്നു. മാസ് മസാല ചേരുവകള്‍ ധാരാളം ഉണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകനു സാധിച്ചിട്ടില്ലെന്ന് ഒരാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തമാശകള്‍ വര്‍ക്ക്ഔട്ട് ആയിട്ടില്ലെന്നും തിരക്കഥ മോശമാണെന്നും അഭിപ്രായമുള്ളവരും ഉണ്ട്.

ശങ്കര്‍, ബാല, ഭീമന്‍ രഘു, ഷീലു എബ്രഹാം, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരും ബാഡ് ബോയ്‌സില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഡിഒപി ആല്‍ബിയും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിച്ചിരിക്കുന്നു. എബ്രഹാം മാത്യൂസ് ആണ് നിര്‍മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :